മണ്ണാർക്കാട്: പാലക്കാട് മങ്കരയിൽ പ്രാദേശിക സിപിഎം നേതാവിന് പൊലീസുകാരൻറെ ക്രൂര മർദനം. മങ്കര മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ചംഗവുമായ കെ. ഹംസയ്ക്കാണു മർദനമേറ്റത്. പേരു ചോദിച്ചെത്തിയാണ് അകാരണമായി പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മർദിച്ചെന്നാണ് കെ. ഹംസയുടെ പരാതി. അതേസമയം ഹംസയുടെ പരാതിയിൽ മങ്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷിനെതിരെ കേസെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. മങ്കര വെള്ളറോഡ് സെന്ററിന് സമീപത്തെ പെയിൻറ് കടയിൽ ഇരിക്കുകയായിരുന്ന ഹംസയ്ക്കടുത്തേക്ക് പൊലീസുകാരനായ അജീഷെത്തിയത്. പേര് ചോദിച്ച ശേഷം യാതൊരു പ്രകോപനവുമില്ലാതെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും ഇടിച്ചെന്നും മദ്യപിച്ചെത്തിയാണ് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മ൪ദ്ദിച്ചതെന്നും ഹംസ പറഞ്ഞു. അജീഷ് മ൪ദനം തുടരുന്നതിനിടെ കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേ൪കൂടി കടയ്ക്കുളളിലേക്ക് ഇരച്ചെത്തി വീണ്ടും അടി തുട൪ന്നുവെന്ന് സിപിഎം ബ്രാഞ്ച് അംഗമായ ഹംസ പറഞ്ഞു.
സംഭവത്തിനു ശേഷം പൊലിസുകാരുടെ നേതൃത്വത്തിൽ കേസ് ഒതുക്കി തീ൪ക്കാനും ശ്രമമുണ്ടായതായി ഹംസ ആരോപിച്ചു. മർദ്ദനം തടയാൻ ശ്രമിച്ച മങ്കര പഞ്ചായത്തംഗത്തിനു നേരെയും പൊലീസുകാരൻ ഭീഷണി മുഴക്കിയിരുന്നു. താൻ തടയാൻ ശ്രമിച്ചെങ്കിലും പൊലീസുകാരൻ വകവെച്ചില്ലെന്ന് പഞ്ചായത്ത് അംഗമായ വിനോദ് പറഞ്ഞു. മൂക്കിനും തലയ്ക്കും സാരമായി പരിക്കേറ്റ ഹംസ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഹംസയുടെ പരാതിയിൽ അജീഷിനും കണ്ടാലറിയാവുന്ന മൂന്നു പേ൪ക്കുമെതിരെ മങ്കര പൊലീസ് കേസെടുത്തു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.