മകളുടെ ചികിത്സയ്ക്കായി സ്വരൂപിച്ച പണം തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. തിരുവനന്തപുരം സ്വദേശി ഷംലയാണ് വണ്ടൂര്‍ സ്വദേശികള്‍ക്കെതിരെ പരാതി ഉന്നയിച്ചത്. മകളുടെ ചികിത്സയ്ക്കായി നാട്ടുകാരില്‍ നിന്നും സുമനുസകളില്‍ നിന്നും സംഭരിച്ച തുക തട്ടിയെടുത്തു എന്നാണ് പരാതി. ഏഴ് ലക്ഷം രൂപയാണ് ഷംലയ്ക്ക് നഷ്ടമായത്. ഷംലയുടേയും മകളുടേയും ദുരവസ്ഥ മുന്‍പ് ട്വന്റിഫോര്‍ വാര്‍ത്തയാക്കിയിരുന്നു. ഇത്തരത്തില്‍ ട്വന്റിഫോര്‍ പ്രേക്ഷകര്‍ ഉള്‍പ്പെടെ നല്കിയ തുക കൂടിയാണ് വണ്ടൂര്‍ സ്വദേശികള്‍ തട്ടിയെടുത്തത്.
ഷാജഹാന് നിലമ്പൂര്‍ എന്നയാള്‍ക്കും സംഘത്തിനുമെതിരെയാണ് ഷംലയുടെ പരാതി. മകളുടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് എല്ലാ സഹായവും നല്‍കാമെന്ന് വിശ്വസിപ്പിച്ച് തന്റെ അക്കൗണ്ടിലേക്ക് എത്തിയ പണമുള്‍പ്പെടെ വാങ്ങി അവര്‍ തങ്ങളുടെ അക്കൗണ്ടിലിട്ടെന്നാണ് പരാതി. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ ഷംല പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഷംലയുടെ പരാതി അടിസ്ഥാനരഹിതമെന്നാണ് ഷാജഹാന് ട്വന്റിഫോറിനോട് പറഞ്ഞത്. തങ്ങളുടെ കമ്മിഷനായി രണ്ട് ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്നും തങ്ങള്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഷാജഹാന് പറഞ്ഞു. 44 ലക്ഷം രൂപയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം കൊടുത്തതും പരസ്യങ്ങള്‍ നല്കിയതും തങ്ങളാണെന്നും ഇവര്‍ അവകാശപ്പെട്ടു. പണത്തിന്റെ പേരില്‍ തര്‍ക്കമായതോടെ തന്നെപ്പറ്റി ഷാജഹാനും കൂട്ടരും സോഷ്യല്‍ മീഡിയ വഴി കള്ളപ്രചരണം നടത്തിയെന്നും ഷംല ആരോപിച്ചു.