Kerala News

മകനെ ആക്രമിച്ചതിന് പൊലീസിൽ പരാതിപ്പെട്ട വയോധികയ്ക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് വയോധികയെ ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം കോളനിയിലെ താമസക്കാരനായ നിധിൻ ചന്ദ്രനാണ് പിടിയിലായത്. സമീപവാസിയായ വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറി അവരെ ആക്രമിക്കുകയായിരുന്നു. ഈ സ്ത്രീയുടെ മകനെ നിതിൻ നേരത്തെ മർദിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തെ തുടർന്നായിരുന്നു വീട് കയറിയുള്ള ആക്രമണം. വീട്ടിനുള്ളിലെ പാത്രങ്ങൾ നശിപ്പിച്ച നിതിൻ ചന്ദ്രൻ, അലമാരക്കുള്ളിലിരുന്ന വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. മറ്റൊരു സംഭവത്തിൽ കോട്ടയം മരങ്ങാട്ടുപള്ളിയിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം സ്വദേശി വിപിൻദാസ് ആണ് പിടിയിലായത്. വിപിനും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി കാഞ്ഞിരപ്പാറ ഭാഗത്ത് വച്ച് ഒന്നിച്ച് മദ്യപിച്ചു. തൊട്ടുപിന്നാലെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതോടെ കൈയിലിരുന്ന ഗ്ലാസ് പൊട്ടിച്ച്, സുഹൃത്തിനെ വിപിൻ ദാസ് കുത്തുകയായിരുന്നു. പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Related Posts

Leave a Reply