എടപ്പാള്‍: ഭാര്യവീട്ടിലെ ഇരുചക്രവാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ യുവാവ് പൊലീസ് പിടിയില്‍. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് പുന്നയൂര്‍ക്കുളം സ്വദേശി ബിനീഷ്(30) പിടിയിലായത്. പ്രതിയെ ബെംഗളൂരു പൊലീസില്‍ നിന്ന് പൊന്നാനി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. വീട്ടിലെ നാല് ഇരുചക്രവാഹനങ്ങള്‍ വ്യാഴാഴ്ച പുലര്‍ച്ചെ ബിനീഷ് കത്തിച്ചെന്നാണ് കേസ്. നാരായണന്റെ മകള്‍ ഹരിതയുടെ ഭര്‍ത്താവാണ് ബിനീഷ്.
ഹരിതയും ബിനീഷും ഒമ്പതുമാസം മുമ്പാണ് വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിക്കുകയാണെന്ന് പറഞ്ഞ് യുവതി ഒരു മാസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി. ഗാര്‍ഹിക പീഡനത്തിന് യുവാവിനെതിരെ വടക്കേക്കാട്, പൊന്നാനി പൊലീസ് സ്റ്റേഷനുകളിലും പരാതിയും നല്‍കിയിരുന്നു.