ഡ്യൂട്ടിക്കിടെ മദ്യപാനവും ബോട്ടിങ്ങും നടത്തിയ രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സസ്പെൻഡ് ചെയ്തത് ഭക്ഷ്യവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെയാണ്. നെയ്യാറ്റിൻകര സപ്ലൈ ഓഫീസിലെ റേഷനിങ് ഓഫീസർ ഡി സിജി, ആർ എൻ രതീഷ് എന്നിവർക്കെതിരെയാണ് നടപടി. ഒരു താത്കാലിക ഡ്രൈവറെയും പിരിച്ചുവിട്ടു. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ഭക്ഷ്യവകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്ന പരസ്യവാഹനം നിർത്തിയിട്ടാണ് ഉദ്യോഗസ്ഥർ മദ്യപിക്കാൻ പോയത്. നെയ്യാറ്റിൻകര സപ്ലൈ ഓഫീസിലെ റേഷനിങ് ഇൻസ്പെക്ടർ ഡി. സിജി, ഡ്രൈവർ രതീഷ്, സിവിൽ സപ്ലൈസ് ആസ്ഥാനത്തെ താത്കാലിക ഡ്രൈവർ പ്രമോദ് എന്നിവരായിരുന്നു സംഘത്തിൽ. പൂവാർ പൊഴിയൂരിലെത്തിയ സംഘം പ്രദേശത്തെ റേഷൻകട വ്യാപാരിയെ സ്വാധീനിച്ച് മദ്യവും ബോട്ടിങ്ങും തരപ്പെടുത്തി.
മൂന്ന് മണിയോടെ ബോട്ടിങ്ങും മദ്യപാനവും തുടങ്ങിയ ഉദ്യോഗസ്ഥർ അഞ്ച് മണിയോടെയാണ് തിരികെയെത്തിയത്. മദ്യപിച്ച് വാഹനമോടിക്കുന്നത് 24സംഘം പിന്തുടർന്നു. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് കണ്ടതോടെ ഉദ്യോഗസ്ഥർ റോഡരികിൽ വാഹനം നിർത്തി കെഎസ്ആർടിസി ബസിൽ കടന്നുകളഞ്ഞു.
24 അന്വേഷണത്തെ തുടർന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ ഡി സജിത്ത് ബാബു താലൂക്ക് സപ്ലൈ ഓഫീസറോട് റിപ്പോർട്ട് തേടി. പിന്നാലെ ഡി. സജി, രതീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. പ്രമോദിനെ പിരിച്ചുവിട്ടു. ഉദ്യോഗസ്ഥർ ഗുരുതര കൃത്യവിലോപം നടത്തിയെന്നും വകുപ്പിന് അപകീർത്തിയുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.











