തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ സുരേഷ് ഗോപി ഉൾപ്പെടെയുളള ബിജെപി പ്രവർത്തകർക്കെതിരെ കേസ്. സുരേഷ് ഗോപി ഉള്‍പ്പടെ 500 പേര്‍ക്കെതിരെ ഗതാഗത തടസ്സം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് ആണ് കേസ് എടുത്തത്. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി ആരോപിച്ചു. ഒക്ടോബർ രണ്ടിനായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ‘സഹകാരി സംരക്ഷണ പദയാത്ര’ നടത്തിയത്. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് യാത്ര സംഘടിപ്പിച്ചത്.
കേരളം അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ആര് ഭരിച്ചാലും ഇനിയും യാത്ര തുടരും. യാത്രയില്‍ ഒരു രാഷ്ട്രീയവും ഇല്ല. ആവേശം കൊണ്ടല്ല മനുഷ്യത്വം കൊണ്ടുമാത്രമാണ് പദയാത്ര നടത്തുന്നത്. തൃശൂര്‍ കഴിഞ്ഞാല്‍ കണ്ണൂരിലേക്കും മലപ്പുറത്തേക്കും പദയാത്ര സംഘടിപ്പിക്കും. ശുദ്ധീകരണത്തിന്റെ തുടക്കമാണിതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. കരുവന്നൂര്‍ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര തൃശൂര്‍ സഹകരണ ബാങ്ക് പരിസരത്ത് ആണ് സമാപിച്ചത്. കരുവന്നൂരില്‍ തട്ടിപ്പിന് ഇരകളായവരും, ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.