ബിജെപി ‘താമര‘ചിഹ്നം ഉപയോഗിക്കുന്നതിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയത്. താമര ചിഹ്നം ബിജെപിക്ക് നൽകിയതിലൂടെ മറ്റ് പാർട്ടികളോട് വിവേചനം കാണിക്കുകയാണെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു. ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
താമര ദേശീയ പുഷ്പമായതിനാൽ പാര്‍ട്ടി ചിഹ്നമായി അനുവദിക്കാനാവില്ലെന്നായിരുന്നു ഹർജിയിലെ വാദം. പുരാണങ്ങളിലെ പരാമർശങ്ങൾ കാരണം താമര ഐശ്വര്യവും പവിത്രവുമായി കണക്കാക്കപ്പെട്ടിരുന്നുവെന്നും ഹർജിക്കാരൻ പറഞ്ഞു. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവയിൽ ഇത് ഒരു കേന്ദ്ര പങ്ക് വഹിച്ചുവെന്നും ഹർജിക്കാരൻ പറഞ്ഞു
സെപ്തംബർ 22ന് അഹിംസ സോഷ്യലിസ്റ്റ് പാർട്ടി അധ്യക്ഷൻ ഗാന്ധിയവതി ടി.രമേഷ് നൽകിയ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് സഞ്ജയ് വി.ഗംഗാപൂർവാല, ജസ്റ്റിസ് ഡി.ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഫസ്റ്റ് ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.