ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം(എ ആർ എം). പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ തോമസ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്.
മികച്ച അഭിപ്രായമാണ് മോഷൻ പോസ്റ്ററിനു ലഭിക്കുന്നത്. നേരത്തെ പുറത്ത് വന്ന ടീസറിനും ഗംഭീര വരവേൽപാണ് ലഭിച്ചത് . മലയാളം,ഹിന്ദി ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായി എ ആർ എം പ്രേക്ഷകർക്ക് മുന്നിലെത്തും. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് എ ആർ എം.
മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാൻ ഇന്ത്യൻ സിനിമയായി ആണ് പ്രേക്ഷകർക്ക് മുന്നിൽ അണിയറക്കാർ എത്തിക്കുന്നത് . മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ്, എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.