ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍ നിന്നും നടത്തിയ വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബഹിരാകാശ നിലയത്തിലെ ജീവിതം അത്ര ബുദ്ധിമുട്ടേറിയതല്ലെന്നും അവര്‍ പറഞ്ഞു. സ്റ്റാര്‍ലൈനറിലൂടെ തന്നെ ദൗത്യം പൂര്‍ത്തിയാക്കാനും ഭൂമിയിലേക്ക് തിരിച്ചു വരാനും തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും സുനിത വ്യക്തമാക്കി. എന്നാല്‍ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ എന്നും അവര്‍ പറഞ്ഞു.
ഭൂമിയിലെ ജീവിതത്തില്‍ നിന്നും സ്പേസ് സ്റ്റേഷനിലെ ജീവിതത്തിലേക്കുള്ള മാറ്റം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്ന് സുനിത വില്യംസ് വ്യക്തമാക്കി. സ്റ്റാര്‍ലൈനറിന്റെ ആദ്യ പരീക്ഷണ യാത്രയിലെ പൈലറ്റുമാര്‍ എന്ന നിലയില്‍ ഇവിടെ ഒരു വര്‍ഷത്തോളം തുടരേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും ഒരുപക്ഷേ മടക്കയാത്ര വൈകിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നുവെന്നും സുനിത പറഞ്ഞു.ഈ രംഗത്ത് കാര്യങ്ങളെല്ലാം അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഉടന്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് പരിഭ്രാന്തി ഉണ്ടായിരുന്നുവെന്നും സുനിത പറയുന്നു. അമ്മയോടൊത്ത് സമയം ചെലവഴിക്കുന്നതിനെ കുറിച്ചെല്ലാം ചിന്തിച്ചിരുന്നുവെന്നും സുനിത പറഞ്ഞു. ബഹിരാകാശത്ത് തന്നെ തുടരാനുള്ള തീരുമാനത്തില്‍ ഒട്ടും നിരാശനല്ലെന്ന് ബുച്ച് വില്‍മോറും പ്രതികരിച്ചു.
ഒരാഴ്ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്റെ ഭാഗമായുള്ള കൊമേഴ്സ്യല്‍ ക്രൂ പോഗ്രാമിന്റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ ഇരുവരുടെയും തിരിച്ചുവരവില്‍ വെല്ലുവിളിയാവുകയായിരുന്നു.