ബലാത്സംഗകേസിൽ നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല. ചോദ്യം ചെയ്യലിന് തിടുക്കം വേണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. വിശദമായ നിയമോപദേശം തേടാനാണ് തീരുമാനം. ഇപ്പോൾ ചോദ്യം ചെയ്താൽ സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുമ്പോൾ സിദ്ദിഖിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. തെളിവുകൾ എല്ലാം ശേഖരിച്ചശേഷം ചോദ്യം ചെയ്താൽ മതിയെന്നാണ് തീരുമാനം.
ബലാത്സംഗകേസിൽ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതോടെ ഒളിവിൽ നിന്ന് പുറത്തുവന്ന നടൻ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിലേക്കെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരായതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.
ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി നടത്തിയ വിമർശനങ്ങളാണ് സിദ്ദിഖിന് ആത്മവിശ്വാസം. ഇതോടെയാണ് എട്ടുവർഷം പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പരാതിക്കാരിക്കെതിരെ നീങ്ങാനുള്ള തീരുമാനം.
പരാതിയിൽ പറയുന്ന ആരോപണങ്ങളിൽ സിദ്ദിഖിനെതിരെ കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരിക്കെതിരായ തെളിവുകൾ ശേഖരിക്കുക സിദ്ദിഖിന് വെല്ലുവിളിയാകും. ജാമ്യപേക്ഷയിലെ അന്തിമവിധിയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖും അഭിഭാഷകരും.