Kerala News Top News

ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ റിമാന്‍ഡില്‍.

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. രാത്രി പി വി അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിനടുത്ത് എത്തിച്ച ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്. നാളെ അന്‍വര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കും. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ആയിരുന്നു പി വി അന്‍വറിനെതിരെ ചുമത്തിയത്. അതിനാല്‍ ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. തവനൂര്‍ സബ്ജയിലിലേക്കാകും അന്‍വറിനെ കൊണ്ടുപോകുക. ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസുകാരനെ ചവിട്ടിയെന്നും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നും എഫ്‌ഐആറില്‍ ഉണ്ടായിരുന്നു.

ഞാനൊരു നിയമസമാജികനായതുകൊണ്ട് മാത്രം നിയമത്തിന് വഴങ്ങുകയാണ്. ഇല്ലെങ്കില്‍ പിണറായിയല്ല ആര് വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. നിയമത്തിന് കീഴടങ്ങുകയാണ്. ജയിലിലിട്ട് എന്നെ ഒരു പക്ഷേ കൊന്നേക്കാം. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ ഞാന്‍ കാണിച്ചുകൊടുക്കാം. അറസ്റ്റിന് ശേഷം പി വി അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അന്‍വറിനെ അറസ്റ്റ് ചെയ്തത് നിയമാനുസൃത നടപടിയുടെ ഭാഗമായിട്ടാണെന്നും ഇതില്‍ യാതൊരുവിധത്തിലുള്ള ബാഹ്യ ഇടപെടലുകളുമില്ലെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.താന്‍ കക്കാനും കൊല്ലാനും പോയതല്ലെന്നും ഒരു പാവപ്പെട്ട ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. ഒന്‍പത് ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ആറ് മരണമാണ് ഉണ്ടായത്. അതിന് ഡിഎഫ്ഒ ഓഫീസില്‍ ഒരു പ്രതിഷേധം നടത്തിയതാണ് നടക്കട്ടെ – അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടും നിര്‍ദേശത്തോടെയുമാണ് തീരുമാനം. പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply