Kerala News

പ്രതികളെ പിടികൂടിയില്ല; ഷഹാനയുടെ കുടുംബം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാ​ഗ്രഹമിരിക്കും

തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയിൽ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കുടുംബം ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹമിരിക്കും. ഷഹാന മരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹമിരിക്കുന്നത്. നേരത്തെ പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. ഷഹാന ആത്മഹത്യ ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും പ്രതികൾ എവിടെയാണെന്ന കാര്യത്തിൽ പൊലീസിന് ഒരു വിവരവുമില്ല. പ്രതികൾ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തിരുവല്ലം പൊലീസിന്റെ പ്രത്യേക സംഘം സംസ്ഥാനത്തിന് പുറത്ത് ഉൾപ്പെടെ അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഷഹാനയുടെ ആത്മഹത്യ കേസിൽ പൊലീസ് നേരത്തെ ഗാർഹിക പീഡന വകുപ്പ് ചേർത്തിരുന്നു. നൗഫലും മാതാവും രക്ഷപ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഷഹാനയുടെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. ഷഹാനയുടെ ആത്മഹത്യാ വിവരം അറിഞ്ഞ ഉടനെ ഒന്നര വയസ്സുള്ള കുഞ്ഞിനെ തിരിച്ച് ഏൽപ്പിക്കാൻ ഏർപ്പാട് ചെയ്ത് നൗഫലും മാതാവും ഒളിവിൽ പോകുകയായിരുന്നു. കാട്ടാക്കടയിലെ വീട്ടിൽ നിന്ന് കടയ്ക്കലിലെ ബന്ധുവീട്ടിലേക്കാണ് ഇരുവരും പോയത്. അവിടെ വാഹനവും ഫോണും ഉപേക്ഷിച്ച് പൊലീസ് എത്തും മുൻപ് കടന്നുകളയുകയായിരുന്നു. ഉപക്ഷിച്ച കാറും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കടക്കലുള്ള നൗഫലിന്റെ സഹോദരന്റ ഭാര്യയുടെ വീട്ടിൽ നിന്നാണ് വാഹനവും ഫോണും കണ്ടെടുത്തത്.

നൗഫലിന്റെ സഹോദരന്റെ ഭാര്യയുടെ കുടുംബമാണ് ഒളിവിൽ പോകാൻ സഹായം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഫോണുകൾ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബർ 26ന് ചൊവ്വാഴ്ച വൈകിട്ടാണ് ഷഹാനയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ഷഹാന സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭര്‍ത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, നേരിട്ട് ക്ഷണിക്കാത്തതിനാല്‍ ഷഹാന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുഞ്ഞിനെയുമെടുത്ത് ഭര്‍ത്താവ് വീട്ടില്‍നിന്ന് പോയി. ഇതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ച ഷഹാനയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Posts

Leave a Reply