ന്യൂഡൽഹി: പ്രണയത്തിലായ മകളെ കൊലപെടുത്താൻ ഏര്‍പ്പെടുത്തിയ ക്വട്ടേഷൻ നൽകിയ ആൾ അമ്മയെ കൊന്നു. ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് സംഭവം. മകളെ കൊല്ലാൻ മകളുടെ കാമുകന് തന്നെയാണ് അമ്മ ക്വട്ടേഷൻ നൽകിയത്. മകളുടെ കാമുകനാണെന്ന് അറിയാതെയാണ് അമ്മ ഇയാൾക്ക് ക്വട്ടേഷന്‍ നല്‍കിയത്. 42കാരിയായ അല്‍ക്ക ദേവിയാണ് കൊല്ലപ്പെട്ടത്. വാടകക്കൊലയാളിയായ സുഭാഷ് (38) എന്നയാളാണ് അൽക്ക ദേവിയുടെ മകളുടെ കാമുകൻ. ക്വട്ടേഷന്‍ ലഭിച്ച വിവരം സുഭാഷ് കാമുകിയെ അറിയിക്കുകയും തുടർന്ന് ഇരുവും ചേർന്ന് അല്‍ക്കയെ കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിൽ അൽക്ക ദേവിയുടെ മകളായ 17 വയസുകാരിയെയും കാമുകൻ സുഭാഷിനെയും പൊലീസ് പിടികൂടി. മകളുടെ പ്രണയത്തിൽ അൽക്ക ദേവി അസ്വസ്ഥയായിരുന്നു. സുഭാഷുമായുളള പ്രണയത്തിന് മുൻപ് പ്രദേശത്തെ മറ്റോരാളോടൊപ്പം മകൾ ഒളിച്ചോടിയിരുന്നു. അത് വൈരാഗ്യം വർധിക്കുന്നതിന് കാരണമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഒളിച്ചോടി പോയ മകളെ പിന്നീട് തിരികെയെത്തിച്ചിരുന്നു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് മകളെ നിർബന്ധിച്ചെങ്കിലും മകൾ വഴങ്ങിയില്ല. തുടർന്ന് മകളെ അമ്മാവന്റെ വീട്ടിലേക്ക് മാറ്റിയെങ്കിലും കാമുകനുമായുളള ബന്ധം മകൾ തുടർന്നു. നാണക്കേട് ഭയന്നാണ് അൽക്ക മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 27നാണ് മകളെ കൊലപ്പെടുത്താൻ വാടകക്കൊലയാളിയായ സുഭാഷ് സിങിനെ ഏൽപ്പിക്കുന്നത്.
50,000 രൂപയാണ് അൽക്ക സുഭാഷ് സിങിന് നൽകിയത്. എന്നാൽ ക്വട്ടേഷൻ കൊടുത്ത സുഭാഷ് സിങ് തന്നെയായിരുന്നു മകളുടെ കാമുകൻ. അമ്മയെ കൊലപ്പെടുത്തിയാൽ വിവാഹത്തിന് തയ്യാറാണെന്ന് മകൾ സുഭാഷിന് വാക്ക് കൊടുത്തു. ഒക്‌ടോബർ ആറിനാണ് ജസ്രത്പുരിലെ വയലിൽ നിന്ന് അൽക്കയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൽക്കയുടെ മരണം കൊലപാതമാണെന്ന് അറിയുന്നത്. തുടർന്നുളള അന്വേഷണത്തിൽ സുഭാഷ് സിങിനെ പിടികൂടുകയും ചോദ്യം ചെയ്യലിൽ സത്യം വെളിപ്പെടുത്തുകയും ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.