Kerala News

പോക്സോ കേസിൽ 100 വർഷം ശിക്ഷ ലഭിച്ച പ്രതിയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു കേസിൽ 104 വർഷം തടവ് ശിക്ഷ

അടൂർ: പോക്സോ കേസിൽ 100 വർഷം ശിക്ഷ ലഭിച്ച പ്രതിയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു പോക്സോ കേസിൽ 104 വർഷം തടവ്. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനാണ് (32) തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. 4,20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. നേരത്തെ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ ലഭിച്ചത്. ആ കുട്ടിയുടെ എട്ടര വയസ് പ്രായമുള്ള സഹോദരിയെ പീഡിപ്പിച്ച കേസിലാണ് 104 വർഷത്തെ തടവ് ശിക്ഷ. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ സമീറാണ് ശിക്ഷ വിധിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിലുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. രണ്ടാം ക്ലാസിൽ പഠിക്കുന്ന എട്ടുവയസുകാരിക്ക് അമ്മ ​ഗാന്ധിജിയെ പറ്റിയുള്ള പാഠഭാ​ഗം പറഞ്ഞുകൊടുക്കവെ ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകി. ഈ സമയത്താണ് കുട്ടി അമ്മയോട് അനുജത്തിയും കുട്ടിയും പീഡിപ്പിക്കപ്പെട്ട വിവരം പറയുന്നത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് വിവരം രക്ഷിതാക്കൾ അറിയുന്നത്. തുടർന്ന് അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസിൽ വിനോദിന്റെ അടുത്ത ബന്ധുവും രണ്ടാംപ്രതിയുമായ സ്ത്രീയെ കോടതി താക്കീതുചെയ്ത് വിട്ടയച്ചു. സംഭവം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നതായിരുന്നു സ്ത്രീയുടെ പേരിലുള്ള കുറ്റം. 2021-ൽ നടന്ന സംഭവത്തിൽ അടൂർ സി ഐ ആയിരുന്ന ടി ഡി പ്രജീഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി സ്മിതാ ജോണ്‍ ഹാജരായി.

Related Posts

Leave a Reply