Kerala News

പോക്സോ ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തി; വൈക്കം തഹസിൽദാർക്കെതിരെ ആലപ്പുഴ സിഡബ്ല്യുസി ചെയർപേഴ്സൺ

ആലപ്പുഴ: പോക്സോ ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തി എന്ന കേസിൽ വൈക്കം തഹസിൽദാർക്കെതിരെ ആലപ്പുഴ സി ഡബ്ല്യുസി ചെയർപേഴ്സൺ. അതിജീവിതയുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് വൻ വീഴ്ചയാണെന്നും ചെയർപേഴ്സൺ വസന്തകുമാരി അമ്മ റിപ്പോർട്ടറിനോട് പറഞ്ഞു. കേസിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടും പൊലീസ് ഇതുവരെ അതിന് തയ്യാറായിട്ടില്ല.

അതിജീവതയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ തഹസിൽദാർക്കെതിരെ തെളിവുകളും വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടും പൊലീസിന് അനക്കമില്ല. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാൻ ആലപ്പുഴ ചൈൽഡ് വെൽഫയർ കമ്മിറ്റി നിർദേശം നൽകിയതാണ്. എന്നാൽ നിർദേശം ലഭിച്ച്‌ ആറ് ദിവസമായിട്ടും പൊലീസിന്റെ അനാസ്ഥ തുടരുകയാണ്.

തഹസിൽദാർക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ കുറിച്ച് അന്വേഷിക്കാൻ വൈക്കം-അരൂർ പൊലീസ് സ്റ്റേഷനുകൾക്കാണ് സിഡബ്ല്യുസി നിർദേശം നൽകിയത്. കേസിൽ അന്വേഷണം നടത്താൻ ആലപ്പുഴ വനിത സിഐക്കും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നിർദ്ദേശം നൽകിയിരുന്നു.

വിദ്യാഭ്യാസ ആവശ്യത്തിനായി ജാതി സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ നൽകിയ അതിജീവിത പോക്സോ കേസിൽ ഇരയായത് തഹസിൽദാർ മറ്റുള്ളവരോട് പരസ്യപ്പെടുത്തി എന്നാണ് പരാതി. അതിജീവിതയെ കുറിച്ചുള്ള വിവരങ്ങൾ തഹസിൽദാർ വഴി അറിഞ്ഞതിന് പിന്നാലെ സമുദായ നേതാക്കൾ അടക്കം പെൺകുട്ടിയുടെ മാതാവിനോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഇതേ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ ഇവർ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് അതിജീവിതയുടെ പിതാവ് പറയുന്നത്.

Related Posts

Leave a Reply