വിനീത വി.ജിക്കെതിരെ കള്ളക്കേസെടുത്തതിൽ എൽഡിഎഫ് ഘടകകക്ഷികളിലും എതിർപ്പ്. പൊലീസ് തെറ്റ് ചെയ്തുവെന്നും സർക്കാർ തിരുത്തിക്കണമെന്നും എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. മാധ്യമപ്രവർത്തകയ്‌ക്കെതിരായ ഗൂഢാലോചന കേസ് തെറ്റാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. നവകേരള സദസ് വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്ത ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുക്കുന്നത് ഡിസംബർ 22നാണ്. ഐപിസി 120(ബി) ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷൂസ് എറിഞ്ഞവർക്കെതിരെ ചുമത്തിയിരിക്കുന്ന ഈ വകുപ്പുകൾ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയപ്പോൾ വകുപ്പുകൾ സംബന്ധിച്ച് പൊലീസിന് അതിരൂക്ഷ വിമർശനമുണ്ടാവുകയും പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കുറുപ്പംപടി സിഐയും ചുമത്തിയിരിക്കുന്നത്.
