തിരുവനന്തപുരം: പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ബാക്കി നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപകടം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. അപകടത്തിന് മുന്‍പ് ബ്രേക്ക് തകരാര്‍ ഉണ്ടായി എന്ന് ഡ്രൈവര്‍ പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബസിന്റെ തകരാറാണോ ഡ്രൈവറുടെ പിഴവാണോ ദുരന്തത്തിലേക്ക് നയിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീര്‍ത്ഥയാത്ര പോയ മാവേലിക്കര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാല് പേര്‍ മരിക്കുകയും 33 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാവേലിക്കര സ്വദേശികളായ രമാ മോഹന്‍ (51), അരുണ്‍ ഹരി (40), സംഗീത് (45), ബിന്ദു എന്നിവരാണ് മരിച്ചത്.