International News

പുതുവത്സര ആഘോഷങ്ങൾ കണ്ട് വീട്ടിലിരുന്ന 3 വയസുകാരന്‍ രക്തം വാർന്ന് നിലത്ത് വീണു, പരിശോധനയിൽ കണ്ടത് വെടിയുണ്ട…

ടെന്നസി: നിരത്തിലെ ആഘോഷങ്ങൾ ശ്രദ്ധിച്ച് വീട്ടിലിരുന്ന 3 വയസുകാരന്‍ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ടെന്നസിയിൽ പുതുവത്സര തലേന്നാണ് സംഭവം. ബ്രെയ്ഡൻ സ്മിത്ത് എന്ന മൂന്ന് വയസുകാരന്റെ ജീവനാണ് അലക്ഷ്യമായി എത്തിയ വെടിയുണ്ട കവർന്നത്. ടെന്നസിയിലെ വീടിനകത്ത് ജനാലയുടെ അരികത്തിരിക്കുമ്പോഴാണ് പിഞ്ചുകുഞ്ഞിന് വെടിയേറ്റത്.

ഞായറാഴ്ച വൈകുന്നേരം ജനൽ തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. പുതുവത്സര തലേന്ന് ആഘോഷങ്ങളുടെ ഭാഗമായി ആരോ അലക്ഷ്യമായി തോക്കുപയോഗിച്ചതാണ് അപകടത്തിന് പിന്നിൽ. ടെന്നസിയിലെ മെഫിസിൽ ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിർക്കുന്നത് നിയമ വിരുധമായിരിക്കെയാണ് അപകടം. വെടിയേറ്റ് വീണ 3 വയസുകാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

മിനപൊളിസിൽ കിടപ്പുമുറിയിലിരുന്ന 11കാരിക്കും ഇത്തരത്തിൽ വെടിയേറ്റിരുന്നു. മിനസോട്ടയിൽ 10 വയസുകാരന് വയറിലാണ് അലക്ഷ്യമായി എത്തിയ വെടിയുണ്ട തറച്ചത്. തോക്ക് കൊണ്ടുള്ള ആക്രമണത്തിൽ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് പരിക്കേൽക്കുന്നതിൽ 87.1 ശതമാനം വർധനവാണ് രാജ്യത്തുണ്ടായതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. 

സമാനമായ മറ്റൊരു സംഭവത്തിൽ 29കാരന്‍ കാറിന് നേരെ വെടിയുതിർക്കുന്നതിനിടെ 18കാരിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ടെന്നസിയിൽ തന്നെയാണ് ഇതും സംഭവിച്ചത്. റോഡിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന കാറിന് നേരെ വച്ച വെടിയുതിർക്കുമ്പോഴാണ് സമീപത്തെ നടപ്പാതയിലൂടെ നടന്നുപോയ 18കാരിക്ക് വെടിയേറ്റത്. സംഗീത പരിശീലനത്തിനായി പോകുന്നതിനിടയിലാണ് 18കാരിക്ക് വെടിയേറ്റത്.

Related Posts

Leave a Reply