India News

നമ്മളെല്ലാവരും ഈ ചരിത്ര മന്ദിരത്തോട് വിടപറയുകയാണ്; പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ മന്ദിരത്തിലേക്ക് പോകുന്നതിന് മുമ്പ് രാജ്യത്തിന്റെ 75വര്‍ഷത്തെ പാര്‍ലമെന്ററി യാത്രയെക്കുറിച്ച് ഓര്‍മ്മിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രചോദനകരമായ നിമിഷങ്ങള്‍ ഓര്‍മ്മിക്കാന്‍ ഇതാണ് അവസരമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനം ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാമന്ത്രി. ചന്ദ്രയാന്‍ 3ന്റെ വിജയത്തെ അഭിമാനപൂര്‍വ്വം ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ നേട്ടം ഭാരതത്തിന്റെ പുതിയ അവതാരപ്പിറവിയെയാണ് കാണിക്കുന്നതെന്നും പറഞ്ഞു. നേട്ടത്തില്‍ രാജ്യത്തെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ജി20 ഉച്ചകോടിയുടെ വിജയത്തെ എല്ലാവരും ഐക്യകണ്‌ഠേന അഭിനന്ദിച്ചു. ഇത് ഭാരതത്തിന്റെ ആകെ വിജയമാണ്. ഇത് ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ വിജയമല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നമ്മളെല്ലാവരും ഈ ചരിത്ര മന്ദിരത്തോട് വിടപറയുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ഈ മന്ദിരം സാമ്രാജ്യത്വ ലെജിസ്ലേറ്റീവ് കൗണ്‍സിലായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഈ മന്ദിരം പാര്‍ലമെന്റ് മന്ദിരം എന്ന അസ്ഥിത്വം സ്വന്തമാക്കി. ഈ കെട്ടിടം നിര്‍മ്മിക്കാനുള്ള തീരുമാനം എടുത്തത് വിദേശികളാണ് എന്നത് സത്യമാണ് എന്നാല്‍ ഈ കെട്ടിടത്തിനായി നഷ്ടപ്പെടുത്തിയ വിയര്‍പ്പും വിനിയോഗിച്ച പണവും അധ്വാനം എന്റെ രാജ്യത്തെ ജനങ്ങളുടേതാണെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. നമ്മള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുകയാണ്. പക്ഷേ പഴയ പാര്‍ലമെന്റ് മന്ദിരം വരുന്ന തലമുറയെയും പ്രചോദിപ്പിച്ച് നിലനില്‍ക്കും.

വനിതാ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ യശസ്സ് ഉയര്‍ത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. പാര്‍ലമെന്റിലെ ജനപ്രതിനിധികള്‍ കുടുംബാംഗങ്ങളെപ്പോലെയാണെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി അവര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും അവഗണിച്ച് ഉത്തരവിദിത്വങ്ങള്‍ നിര്‍വ്വഹിച്ചുവെന്നും പറഞ്ഞു. ചിലര്‍ വീല്‍ച്ചെയറിലിരുന്നാണ് സഭയില്‍ സന്നിഹിതരായത്. ചിലര്‍ ശസ്ത്രക്രിയ കഴിഞ്ഞപാടെ സഭയിലെത്തി. കൊവിഡ് മഹാമാരിയുടെ സമയത്തും എംപിമാര്‍ രാജ്യത്തിനായി ജോലി ചെയ്തു.

ലോക്‌സഭയിലെ അംഗമായി ആദ്യം എത്തിയപ്പോള്‍ ജനങ്ങള്‍ തന്നെ ഇത്രയധികം സ്‌നേഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ‘ഈ മന്ദിരത്തോട് വിടപറയുന്നത് വൈകാരിക നിമിഷമാണ്. മധുരമുള്ളതും കയ്‌പേറിയതുമായ നിരവധി അനുഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്’; പ്രധാനമന്ത്രി വ്യക്തമാക്കി. മുന്‍പ്രധാനമന്ത്രിമാരെയും പ്രധാനമന്ത്രി സഭയില്‍ അനുസ്മരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, അടല്‍ബിഹാരി വ്ജാപെയ്, മന്‍മോഹന്‍ സിങ്ങ് തുടങ്ങിയവര്‍ പാര്‍ലമെന്റിന്റെയും രാജ്യത്തിന്റെ ജനാധിപത്യത്തെയും ശക്തിപ്പെടുത്താന്‍ പ്രയത്‌നിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉള്ള വിശ്വാസം വര്‍ദ്ധിച്ചുവെന്നതാണെന്ന് രാജ്യത്തിൻ്റെ 75വര്‍ഷത്തെ പാര്‍ലമെൻ്ററി ചരിത്രത്തില്‍ ഏറ്റവും പ്രധാനമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ‘ഇവിടെ കയ്ക്കുന്നതും മധുരിക്കുന്നതുമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കലഹത്തിന്റെയും വൈരുദ്ധ്യങ്ങളുടെ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. സന്തോഷത്തിന്റെ അന്തരീക്ഷവും ഉണ്ടായിട്ടുണ്ട്. ഈ ഓര്‍മ്മകളെല്ലാം നമ്മള്‍ പങ്കിട്ട ഓര്‍മ്മകളാണ്, നമ്മള്‍ പങ്കുവെച്ച പൈതൃകമാണ്, അതിനാല്‍, അതിന്റെ അഭിമാനം നമ്മള്‍ പങ്കുവയ്ക്കുന്നു’; പ്രധാനമന്ത്രി പറഞ്ഞു. ഈ സഭയ്ക്ക് 25 വയസ്സുള്ളവരുടെയും 93 വയസ്സുള്ളവരുടെയും സജീവ സേവനം ലഭിച്ചുവരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി സഭയിലെ ഉദ്യോഗസ്ഥരുടെയും ചേംബര്‍ അറ്റന്‍ഡന്റ്മാരുടെയും സംഭാവനകളെയും എടുത്തുപറഞ്ഞു.

പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. നെഹ്‌റുവിന്റെ അര്‍ദ്ധരാത്രിയിലെ മുഴക്കത്തിന്‍റെ പ്രതിധ്വനി പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് ഇപ്പോഴും മുഴങ്ങുന്നുണ്ടെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചു. പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് ഉണ്ടാക്കാനുള്ള ഇന്ദിരാ ഗാന്ധിയുടെ തീരുമാനം പാര്‍ലമെന്റ് ഓര്‍മ്മിക്കുന്നുണ്ട്’; നരേന്ദ്രമോദി പറഞ്ഞു.

‘അടല്‍ ബിഹാരി വാജ്‌പെയ്യുടെ സര്‍ക്കാര് ഇവിടെ ഒരുവോട്ടിനാണ് നിലംപതിച്ചത് മോദി പറഞ്ഞു. ഈ പാര്‍ലമെന്റിന് അകത്താണ് 370 റദ്ദാക്കാനും ജിഎസ്ടി നടപ്പിലാക്കാനും തീരുമാനം എടുത്തത്. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് വോട്ടിന് പകരം പണം എന്നതിനും ഈ സഭ സാക്ഷ്യം വഹിച്ചു. ഈ മന്ദിരത്തിലാണ് നെഹ്‌റു അര്‍ദ്ധരാത്രിയുടെ മുഴക്കത്തെക്കുറിച്ച് സംസാരിച്ചത്’; നരേന്ദ്ര മോദി പറഞ്ഞു. ആദ്യമായി ഈ പാര്‍ലമെന്റ് മന്ദിരത്തിന്റെ പടികടന്നെത്തിയപ്പോള്‍ ഈ ജനാധിപത്യത്തിന്റെ ശ്രീകോവിലിനോടുള്ള ബഹുമാനത്തില്‍ താന്‍ വാതില്‍പ്പടിയില്‍ തലകുമ്പിട്ടെന്നും മോദി അനുസ്മരിച്ചു.

Related Posts

Leave a Reply