പി ജയരാജനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് മനു തോമസ്. തനിക്കെതിരെ തെറ്റായ വാര്‍ത്ത ചോര്‍ത്തല്‍ നടക്കുന്നുവെന്ന് മനു തോമസ് പറയുന്നു. ഉന്നത നേതാവിന്റെ സഹായമില്ലാതെ പാര്‍ട്ടി യോഗത്തിലെ തീരുമാനം ചോര്‍ത്താനാകില്ല. തേജോവധം ചെയ്യുന്നത് ക്വട്ടേഷന്‍ ടീമുകളുടെ രീതിയാണ്. ഭീഷണിപ്പെടുത്തിയാലും ഭയമില്ല. ഭയപ്പെട്ടുകൊണ്ട് തന്റെ അഭിപ്രായം മൂടിവയ്ക്കില്ലെന്നും മനു തോമസ് ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറില്‍ പറഞ്ഞു. പി ജയരാജനെതിരെ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് ഉള്‍പ്പെടെ അവതാരകന്‍ സൂചിപ്പിച്ചപ്പോള്‍ പൊതുസമൂഹത്തില്‍ വിശുദ്ധനാണെന്ന് സ്ഥാപിക്കാനുള്ള സംവിധാനം പി ജയരാജനുണ്ടെന്ന് മനു തോമസ് തുറന്നടിച്ചു.
കണ്ണൂരില്‍ ഇപ്പോഴും അധോലോക സംവിധാനമുണ്ടെന്ന് മനു തോമസ് ആവര്‍ത്തിക്കുന്നു. സംഘടനാ ബന്ധങ്ങള്‍ ചിലര്‍ തെറ്റായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പാര്‍ട്ടിയ്ക്ക് ഇക്കാര്യങ്ങള്‍ വൈകിയാണ് ബോധ്യം വന്നത്. പലരും സ്വര്‍ണക്കടത്ത് സംഘങ്ങളുടെ ഭാഗമായിട്ടുണ്ട്. പണ്ട് ഡിവൈഎഫ്‌ഐ പ്രസിഡന്റായിരിക്കെ ഇത്തരം കാര്യങ്ങള്‍ താന്‍ പ്രസംഗിച്ചപ്പോള്‍ ഫ്യൂസൂരാനും കൂവാനും വരെ ആളെ ഏര്‍പ്പാടാക്കുന്ന നിലയുണ്ടായിട്ടുണ്ട്. അന്ന് തങ്ങളെടുത്ത നിലപാടിനൊപ്പം എല്ലാവരും നിന്നെങ്കിലും പിന്നീട് ചിലര്‍ നിലപാടില്‍ വെള്ളം ചേര്‍ത്തെന്നും മനു തോമസ് പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍, ഷുഹൈബ് വധം വിപ്ലവമല്ല വൈകൃതമെന്ന നിലപാട് ആവര്‍ത്തിച്ച മനു തോമസ് ഇത് ഒരു കാലഘട്ടത്തില്‍ സംഭവിച്ച വലിയ തെറ്റുകളാണെന്ന് പറഞ്ഞു. തനിക്ക് നിലപാടുകള്‍ തുറന്ന് പറയാന്‍ ഭയമില്ല. നിരവധി റിസ്‌കുകള്‍ക്ക് ഇടയിലൂടെ തന്നെയാണ് സാമൂഹ്യപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. പേടിച്ച് അഭിപ്രായം മാറ്റാനാകില്ല. പറയാനുള്ളത് താന്‍ അകത്തും പുറത്തും പറയുമെന്നും മനു തോമസ് കൂട്ടിച്ചേര്‍ത്തു.
