International News Sports

പാരിസില്‍ മനു ഭാകറിന് ഡബിള്‍! ഒരു ഒളിംപിക്‌സില്‍ ഒരിന്ത്യന് രണ്ട് മെഡല്‍ ചരിത്രത്തിലാദ്യം

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്‍പിച്ച് വെങ്കലം നേടി. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. ഈ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയായിരുന്നു മനു വ്യക്തിഗത ഇനത്തില്‍ നേരത്തെ നേടിയിരുന്നത്.

ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കെതിരെ 16-10 എന്ന സ്കോറിനാണ് മനു ഭാകറും സരഭ്‌ജോത് സിംഗും വെന്നിക്കൊടി പാറിച്ചത്. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ 18.8 എട്ട് പോയിന്‍റുകള്‍ക്കെതിരെ 20.5 നേടി കൊറിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി നാല് റൗണ്ടുകള്‍ വെടിവച്ചിട്ട് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ഇതിന് ശേഷം ആറാം റൗണ്ടില്‍ കൊറിയ കടന്നാക്രമിച്ചെങ്കിലും ഏഴാം റൗണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു. എട്ടാം റൗണ്ടും കൊറിയ നേടിയപ്പോള്‍ പിന്നീടങ്ങോട്ട് ശക്തമായ ആക്രമണം തുടര്‍ന്ന് വലിയ വെല്ലുവിളികളില്ലാതെ ഇന്ത്യന്‍ സഖ്യം വെങ്കലം വെടിവെച്ചിടുകയായിരുന്നു.

Related Posts

Leave a Reply