ആർജികർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ ശക്തമായ പ്രതിഷേധം അരങ്ങേറുന്ന പശ്ചിമ ബംഗാളിൽ വീണ്ടും ലൈംഗികാതിക്രമങ്ങൾ തുടർക്കഥയാകുന്നു. ബിർഭൂമിലെയും,ഹൌറയിലെയും ആശുപത്രികളിലായി രണ്ട് പീഡന ശ്രമങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ബിർഭൂം ജില്ലയിലെ ലാംബസാർ സ്വാസ്ഥ്യ കേന്ദ്രത്തിലാണ് രാത്രി ഡ്യൂട്ടിയിലായിരുന്ന നഴ്‌സിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. കടുത്ത പനിയെ തുടർന്ന് ഹെൽത്ത് സെൻ്ററിലേക്ക് സ്‌ട്രെച്ചറിൽ കൊണ്ടുവന്നയാൾക്ക് നഴ്‌സ് സലൈൻ ഡ്രിപ്പ് നൽകുന്നതിനിടെയാണ് സംഭവം.
പരിചരിക്കുന്നതിനിടെ രോഗി തന്നെ മോശമായി സ്പർശിച്ചതായി നഴ്‌സ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. രോഗി തന്നെ സ്പർശിക്കുക മാത്രമല്ല, തന്നോട് മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തുവെന്ന് നഴ്സ് പറയുന്നു.
ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിനെ വിളിക്കുകയും പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇളമ്പസാർ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്, കേസിൽ അന്വേഷണം തുടരുകയാണ്.
അതേസമയം, സർക്കാരിന് കീഴിലുള്ള ഹൗറയിലെ ആശുപത്രിയിൽ 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ആശുപത്രി ജീവനക്കാരനെ ഇതിനോടകം അറസ്റ്റ് ചെയ്തു. ഹൗറ സദർ ഹോസ്പിറ്റലിൽ സിടി സ്‌കാനിംഗിനായി പെൺകുട്ടി എത്തിയപ്പോഴായിരുന്നു സംഭവം. സ്കാനിംഗ് റൂമിലുണ്ടായിരുന്ന ടെക്‌നീഷ്യൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.