പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും നിർദേശം നൽകുകയായിരുന്നു
തിരുവനന്തപുരം – രാജ്യവ്യാപകമായി വിക്രം സാരഭായ് സ്പേസ് സെന്റർ നടത്തിയ പരീക്ഷയിൽ കോപ്പിയടിച്ച ഹരിയാന സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (5) എന്നിവരാണ് പിടിയിലായത്. വയറിൽ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച് ബ്ലൂട്ടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചായിരുന്നു കോപ്പിയടിച്ചത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും നിർദേശം നൽകുകയായിരുന്നു.
പഴയ മൊബൈലിന്റെ ക്യാമറ മാത്രം ഷർട്ടിന്റെ ബട്ടൺ ദ്വാരത്തിലൂടെ പുറത്തേക്ക് കാണുന്ന വിധം വയറിൽ കെട്ടിവെച്ചു. കയ്യിൽ കരുതിയിരുന്ന ചെറിയ റിമോർട്ട് അമർത്തി ചോദ്യങ്ങൾ സ്കാൻ ചെയ്ത് ക്ലൗഡിൽ ശേഖരിച്ചു. ഉത്തരങ്ങൾ ലഭിക്കാൻ കാത്തിരുന്നു. ഇതിനിടയിൽ പരീക്ഷ ഹാളിൽ ഉണ്ടായിരുന്ന അധ്യാപകൻ പിടികൂടുകയായിരുന്നു.
പട്ടം സെന്റ്മേരീസ് സ്കൂളിൽ പരീക്ഷ എഴുതിയ സുമിത്തിനെ മെഡിക്കൽ കോളേജ് പൊലീസും വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ പരീക്ഷ എഴുതിയ സുനിലിനെ മ്യൂസിയം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴിയും സ്മാർട്ട് വാച്ചിന്റെ സ്ക്രീൻ വഴിയും ഉത്തരങ്ങൾ മനസിലാക്കിയ സുനിൽ 75 മാർക്കിന് പരീക്ഷയെഴുതി. അതേസമയം, സുമിത്തിന് ഒന്നും എഴുതാൻ സാധിച്ചില്ല. പൊലീസിന്റെ നിർദേശ പ്രകാരം പരീക്ഷ സെന്ററിൽ അധ്യാപകർ നടത്തിയ പരിശോധനയിൽ ചെവിക്കുള്ളിലെ ഹെഡ്സെറ്റ് കണ്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
