Kerala News

പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് വീഡിയോഗ്രാഫർ മരിച്ച സംഭവത്തിൽ ആഢംബര കാർ ഡ്രൈവറെ വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് വീഡിയോഗ്രാഫർ മരിച്ച സംഭവത്തിൽ ആഢംബര കാർ ഡ്രൈവറെ വീണ്ടും ചോദ്യം ചെയ്യും. ഒന്നാം പ്രതി സാബിതിനെയാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്. സാബിതിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടാണ് പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

അതിനിടെ അപകടത്തിന് കാരണമായ കാറിന്റെ ഉടമയായ നൗഫലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. നൗഫലിന്റെയും സാബിതിന്റെയും ചോദ്യം ചെയ്യൽ പൂർത്തിയായാൽ കുറ്റപത്രം സമർപ്പിക്കും. കാറിന് ഇൻഷുറൻസില്ലാത്തതിനാൽ നഷ്ടപരിഹാര തുക പൂർണമായും ഉടമ നൽകേണ്ടി വരും. കൂടാതെ കാറിന്റെ വിപണി വില കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളു.

ഇക്കഴിഞ്ഞ ഡിസംബറിലാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ ഇരുപതുകാരനായ ആല്‍വിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. മരണം നടക്കുന്നതിന് ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയത്. ബെന്‍സ് കാറും ഡിഫന്‍ഡറും ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും സമാന്തരമായി വരികയായിരുന്നു. ബെന്‍സ് വാഹനം റോഡിന്റെ വലതുവശം ചേര്‍ന്നും ഡിഫന്‍ഡര്‍ വാഹനം റോഡിന്റെ ഇടതുവശം ചേര്‍ന്നുമാണ് വന്നത്. വീഡിയോ എടുക്കുന്ന ആല്‍വിന്‍ റോഡിൻ്റെ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു.

അപകടത്തെപ്പറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കേരള രജിസ്‌ട്രേഷനിലുള്ള ‘ഡിഫന്‍ഡര്‍’ വാഹനത്തിന്റെ നമ്പറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാഹനത്തിനൊപ്പമുണ്ടായിരുന്ന ബെന്‍സ് കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന സംശയത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തെലങ്കാന രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. തുടര്‍ന്ന് കോഴിക്കോട് ആര്‍ടിഒ ഇരുവാഹനങ്ങളിലും നടത്തിയ പരിശോധനയില്‍ തെലങ്കാന രജിസ്‌ട്രേഷനിലുള്ള കാറിന്റെ മുന്‍വശത്തെ ക്രാഷ് ഗാര്‍ഡിലും ബോണറ്റിലും അപകടം ഉണ്ടായതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനം ആല്‍വിനെ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെലങ്കാന കാറിന് ഇന്‍ഷുറന്‍സും റോഡ് നികുതിയും ഇല്ലാത്തതിനാലാവാം ഇത്തരമൊരു ആസൂത്രിത നീക്കം നടന്നത് എന്നായിരുന്നു വിലയിരുത്തൽ. ആൽവിനെ ഇടിച്ച കാറുകൾ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികളും മൊഴി നൽകിയിരുന്നു.

Related Posts

Leave a Reply