Kerala News

പയ്യാമ്പലത്തെ സിപിഐഎം നേതാക്കളുടെ സ്മൃതികൂടീരത്തില്‍ രാസലായനി ഒഴിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: പയ്യാമ്പലത്തെ സിപിഐഎം നേതാക്കളുടെ സ്മൃതികൂടീരത്തില്‍ രാസലായനി ഒഴിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പയ്യാമ്പലത്ത് അലഞ്ഞുതിരിഞ്ഞ് കുപ്പിപെറുക്കുന്ന ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യുകയാണ്. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ചടയന്‍ ഗോവിന്ദന്‍, ഇ കെ നായനാര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് കറുത്ത പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചത്. സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ മാത്രമാണ് ദ്രാവകം ഒഴിച്ച് വികൃതമാക്കിയത്. കണ്ണൂര്‍ സിറ്റി എസിപി സിബി ടോം, ടൗണ്‍ സിഐ സുരേഷ് ബാബു കെ സി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല. ഇന്നലെ രാത്രി സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘാംഗങ്ങളുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. പയ്യാമ്പലത്തും സമീപപ്രദേശത്തുമുള്ള നാല്‍പ്പതോളം സിസിടിവി ക്യാമറകളില്‍ നിന്നും ശേഖരിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.വ്യാഴാഴ്ച്ച രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമദിനത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചനയ്ക്ക് എത്തിയവരായിരുന്നു സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് സിപിഐഎം നേതാക്കളെ അറിയിക്കുകയായിരുന്നു.

Related Posts

Leave a Reply