കണ്ണൂർ: പയ്യാന്പലം ബീച്ചിൽ വൃദ്ധയുടെ മാല പൊട്ടിച്ചുകടന്ന യുവാക്കൾ പിടിയിൽ. നിബ്രാസ്, താഹ എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വൃദ്ധയുടെ മാല പൊട്ടിച്ചുകടന്ന രണ്ട് യുവാക്കൾ പിടിയിൽ. നിബ്രാസ്, താഹ എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്.
ഞായറാഴ്ചയായിരുന്നു സംഭവം. പയ്യാമ്പലം ബീച്ചിലിരിക്കുകയായിരുന്ന മൈസൂരു സ്വദേശിയായ വൃദ്ധയുടെ രണ്ടര പവൻ മാലയാണ് യുവാക്കൾ പൊട്ടിച്ചുകടന്നത്. കണ്ണൂർ ടൗൺ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളിലേക്കെത്തി. വളപട്ടണം സ്വദേശി നിബ്രാസും തോട്ടട സവദേശി മുഹമ്മദ് താഹയും. കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിലായിരുന്നു നിബ്രാസും താഹയും പയ്യാന്പലത്ത് മാല മോഷ്ടിക്കാൻ എത്തിയത്. ഈ മാസം അഞ്ചിനായിരുന്നു സ്കൂട്ടർ മോഷ്ടിച്ചത്.
സ്ഥിരം കുറ്റവാളികളാണ് നിബ്രാസും താഹയും. നിബ്രാസിനെതിരെ മോഷണമുൾപ്പെടെ ആറ് കേസുകൾ. ഇരുപത്തൊന്നുകാരനായ താഹയ്ക്കെതിരെയുളളത് കളവ് കേസ് ഉൾപ്പെടെ ഒൻപത് കേസുകൾ. ഇവരെക്കൂടാതെ കൂടുതൽ പേർ മോഷണ സംഘത്തിലുണ്ടെന്നാണ് പൊലീസ് നിഗമനം.
അതേസമയം, തലശ്ശേരിയിൽ പട്ടാപകൽ ആളില്ലാത്ത വീട്ടിൽ കവർച്ച. ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ കവർന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
നവാസും ഭാര്യയും ജോലിക്കായി രാവിലെ വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്. തൊട്ടടുത്ത വീടുകൾ തമ്മിൽ ഒരു മതിൽ ദൂരം മാത്രമേ ഉള്ളൂ. കിണറിനോടുചേർന്നുള്ള വാതിൽ വഴിയാണ് കള്ളന്മാർ വീടിന് അകത്ത് കയറിയത്. അലമാരയിൽ കവറിൽ പൊതിഞ്ഞു വെച്ച നാലര ലക്ഷം രൂപ മോഷ്ടിച്ചു. പക്ഷെ താഴെ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കള്ളന്മാർ കണ്ടില്ല. വൈകിട്ട് ജോലി കഴിഞ്ഞ് നവാസും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് തകർന്ന വാതിൽ ശ്രദ്ധിച്ചത്.
