Kerala News

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 75 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

കണ്ണൂര്‍: പയ്യന്നൂരില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 75 പവന്‍ സ്വര്‍ണവും പണവുമാണ് മോഷണം പോയത്. പെരുമ്പയിലെ സി എച്ച് സുഹറയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

കുടുംബാംഗങ്ങള്‍ വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ ഉറങ്ങുമ്പോഴായിരുന്നു താഴത്തെ നിലയില്‍ മുറികള്‍ കുത്തിത്തുറന്നുള്ള കവര്‍ച്ച. രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ മാത്രമാണ് കവര്‍ച്ച നടന്നത് അറിയുന്നത്. വാതില്‍ കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന നിലയിലായിരുന്നു. രണ്ട് കിടപ്പുമുറികളും ഷെല്‍ഫും കുത്തി തുറന്ന അവസ്ഥയിലായിരുന്നു. സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലും. വാതില്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കത്തിയും മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സുഹറയുടെ ഭര്‍ത്താവ് അസുഖബാധിതനായതിനാല്‍ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്റെ ഭാര്യയും അവരുടെ മകളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മോഷ്ടാക്കള്‍ ഇത് മനസിലാക്കിയിരുന്നതായി സംശയമുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. പയ്യന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply