പത്തനംതിട്ട: സ്ഥിരനിക്ഷേപമായി ലഭിച്ച തുകയുമായി സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകൾ മുങ്ങിയതായി നിക്ഷേപകരുടെ പരാതി. പത്തനംതിട്ട പുല്ലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫൈനാൻസിയേഴ്സിന്റെ ഉടമകൾക്കെതിരെയാണ് നിക്ഷേപകർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഉടമകൾ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.
ജി ആൻഡ് ജി ഫൈനാൻസിയേഴ്സിന്റെ നടത്തിപ്പുകാരായ ഗോപാലകൃഷ്ണൻ നായർ, സിന്ധു വി നായർ, ഗോവിന്ദ് ജി നായർ എന്നിവർക്കെതിരെയാണ് പരാതി. അമ്പതോളം നിക്ഷേപകരാണ് എസ് പി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്. ജി ആൻഡ് ജി ഫൈനാൻസിയേഴ്സിൽ സ്ഥിരനിക്ഷേപമായി പണം നിക്ഷേപിച്ചവരാണ് പരാതിക്കാർ.
പുല്ലാട് ഹെഡ് ഓഫീസും മറ്റ് ബ്രാഞ്ചുകളും അടച്ചിട്ട നിലയിലാണ്. സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് പ്രതിനിധികളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ല. മുപ്പതോളം നിക്ഷേപകർ ഒപ്പിട്ട പരാതിയാണ് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയത്. സ്വർണ്ണപ്പണയ ഇടപാടും ജി ആൻഡ് ജി ഫൈനാൻസിയേഴ്സിൽ നടന്നുവന്നിരുന്നു. പണയമായി ലഭിച്ച സ്വർണ്ണം ദേശസാൽകൃത ബാങ്കുകളിൽ പണയം വച്ചിരിക്കുകയാണ്. സ്ഥാപന ഉടമകളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ലെന്നും അവരുടെ അനുമതിയില്ലാതെ ദേശസാൽകൃത ബാങ്കുകളിൽ പണയം വച്ചിരിക്കുന്ന സ്വർണ്ണം തിരികെ എടുത്ത് ഉടമകൾക്ക് നൽകാൻ സാധിക്കില്ലെന്നുമാണ് ജീവനക്കാർ വ്യക്തമാക്കുന്നത്.