Kerala News

പത്തനംതിട്ട പന്നിവിഴയിൽ നാടിനെ നടുക്കി കൊലപാതകം

പത്തനംതിട്ട പന്നിവിഴയിൽ നാടിനെ നടുക്കി കൊലപാതകം. മാതാവിനെ കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി അനുജനെ തലക്കടിച്ചുകൊന്നു. പന്നിവിഴ സ്വദേശി സതീഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ മോഹനൻ ഉണ്ണിത്താനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.

മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ. 17 വർഷത്തെ ജയിൽ വാസത്തിന് ശേഷം രണ്ടാഴ്ച മുമ്പ് ഇയാൾ പരോളിലിറങ്ങി. സഹോദരനായ സതീഷ് കുമാർ തന്നെയാണ് മോഹനൻ ഉണ്ണിത്താനെ പരോളിലിറക്കിയത്. ഇന്ന് വൈകുന്നേരം മോഹനൻ ഉണ്ണിത്താൻ മദ്യപിച്ചെത്തിയത് സഹോദരൻ സതീഷ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തർക്കം മൂർച്ഛിച്ചപ്പോൾ പുറത്തുനിന്ന് ഉലക്ക എടുത്തുകൊണ്ടുവന്ന് മോഹൻ ഉണ്ണിത്താൻ സതീഷിനെ തലയ്ക്ക് അടിക്കുകയായിരുന്നു. തൽക്ഷണം സഹോദരൻ മരിച്ചു. സംഭവമറിഞ്ഞ് എത്തിയ അടൂർ പോലീസ് മോഹനൻ ഉണ്ണിത്താനെ കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ രണ്ടുപേരും അവിവാഹിതരാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുമെന്ന് അടൂർ പോലീസ് അറിയിച്ചു.

Related Posts

Leave a Reply