Kerala News

പക്ഷിപ്പനി; നാല് പഞ്ചായത്തുകളിൽ കോഴി, താറാവ് ഇറച്ചിയും മുട്ടയും വളവും അടക്കമുള്ളവയുടെ വിൽപന വിലക്കി

കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്, കോഴി, കാട വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിപണനവും നീക്കവും ജൂൺ 12 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി  ഉത്തരവിറക്കി.

മുൻകരുതലുകൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി  രോഗ നിരീക്ഷണ മേഖലയിലേക്ക് താറാവ്, കോഴി,കാട മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി,കാഷ്ടം(വളം) എന്നിവ മറ്റു പ്രദേശങ്ങളിൽ നിന്നു കൊണ്ടുവരുന്നതിനും, മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും കർശനമായി നിരോധിച്ചു. ഇതു സംബന്ധിച്ച് പൊലീസ്, ആർ.ടി.ഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകൾ നടത്തും.

മുഹമ്മ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒമ്പതിലാണ് കഴിഞ്ഞദിവസം രോഗം കണ്ടെത്തിയത്. ഇവിടെയുള്ള താറാവുകളടക്കം കൂട്ടത്തോടെ ചത്തിരുന്നു. ഇതേതുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിൽ അയച്ച സാമ്പിളുകൾ പരിശോധനഫലം പോസീറ്റിവ് ആയിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി റാപ്പിഡ് റെസ്പോൺസ് ടീം  എത്തി പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 5079 വളർത്തു പക്ഷികളെ (മുഹമ്മ-4954,മണ്ണഞ്ചേരി-1251) കൊന്നൊടുക്കി.  ചമ്പക്കുളത്തും തഴക്കരയിലുമാണ് അവസാനം രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് 60, 000 ഓളം വളർത്ത് പക്ഷികളെ കൊന്നൊടുക്കിയിരുന്നു.

Related Posts

Leave a Reply