Kerala News

നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണത്തിൽ രാസപരിശോധന ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണത്തിൽ രാസപരിശോധന ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി. ഫലം എത്രയും പെട്ടന്ന് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കോടതിക്ക് പ്രയോരിറ്റി ലെറ്റർ നൽകിയിട്ടുണ്ട്. ഇത് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അധികൃതർക്ക് കൈമാറി നടപടികൾ വേഗത്തിൽ ആക്കുമെന്ന് പൊലീസ് അറിയിച്ചും.

ഒരാഴ്ചക്കുള്ളിൽ രാസ പരിശോധന ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ഫലം കൂടി ലഭിച്ചാൽ മാത്രമേ പോലീസ് തുടർ നടപടികളിലേക്ക് കടക്കുകയുള്ളു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലായെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. രാസ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുളളൂ.

മരണത്തിലെ ദുരൂഹത നീങ്ങാൻ മൂന്നു പരിശോധന ഫലങ്ങളാണ് ലഭിക്കേണ്ടത്. ശ്വാസകോശത്തിൽ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസ പരിശോധന ഫലം, ഫോറൻസിക് സയൻസ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങൾക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാൻ ഫിസ്റ്റോ പത്തോളജിക്കൽ ഫലം എന്നിവയാണ് ഇനി ലഭിക്കേണ്ടത്. ഫലം ലഭിച്ചാൽ വരും ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ ചോദ്യം ചെയ്യും.

ഗോപൻ്റേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ​ഗോപൻ്റെ മൃതശരീരം സംസ്കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു.

Related Posts

Leave a Reply