Kerala News

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് നിരാശ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് നിരാശ. അയൽവാസി പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിലെ നിരാശയാണ് ചോദ്യം ചെയ്യലിൽ പ്രതി പങ്കുവെച്ചത്. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പൊലീസിൽ പരാതി കൊടുത്തതിൽ പുഷ്പക്ക് പങ്കുണ്ടെന്നും ചെന്താമര പറഞ്ഞു. ഇനി പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്നും പ്രതി കൂട്ടിച്ചേർത്തു. ഒരു ദിവസത്തെ പരോൾ പോലും ആവശ്യപ്പെടില്ലെന്നും താൻ ചെയ്തത് വലിയ തെറ്റാണെന്ന് അം​ഗീകരിക്കുന്നുവെന്നും ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെ ചെന്താമരയുമായി പോത്തുണ്ടിയിൽ എത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തു. ചെന്താമരയുടെ വീട്ടിലും പരിസരത്തുമാണ് തെളിവെടുപ്പ് നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ൽ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാൻ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

Related Posts

Leave a Reply