നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ നിർണായക അറസ്റ്റ്. മുഖ്യ ആസൂത്രകൻ ഝാർഖണ്ഡ് സ്വദേശി പിടിയിൽ. ഹസാരിബാഗ് സ്വദേശിയായ അമൻ സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെൻറർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.
നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ ഗുജാറത്തിലും ബിഹാറിലുമടക്കം സിബിഐ റെയ്ഡ് നടത്തിയിരുന്നു. പരീക്ഷ എഴുതാൻ സഹായിക്കാൻ വിദ്യാർഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്കൂൾ ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലൊന്നായിരുന്നു ജയ് ജലറാം സ്കൂൾ.
കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുൻപ് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാർ, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 13 പേരെ പൊലീസ് ഒരാഴ്ച്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തതിരുന്നത്. പരീക്ഷയ്ക്ക് മുൻപ് തനിക്കും മറ്റ് വിദ്യാർത്ഥികൾക്കും പരീക്ഷാ ചോദ്യപേപ്പർ ലഭിച്ചതായി പൊലീസ് കസ്റ്റഡിയിലെടുത്ത ഒരു വിദ്യാർത്ഥി വെളിപ്പെടുത്തിയതും ഏറെ ചർച്ചയായിരുന്നു.