Kerala News

നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരി​ഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ

ന്യൂഡൽഹി: നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരി​ഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്. യമനിൽ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ കഴിയുകയാണ് നിമിഷ പ്രിയ. വധശിക്ഷയിൽ ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്നായിരുന്നു നേരത്തേ കേന്ദ്ര സർക്കാരിന്റെ വിശദീകരണം. നിലവിൽ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

നിമിഷ പ്രിയ വിഷയത്തില്‍ സാധ്യമായത് എല്ലാം ചെയ്യുമെന്നായിരുന്നു കേന്ദ്രം ആദ്യഘട്ടത്തിൽ വ്യക്തമാക്കിയിരുന്നത്. കുടുംബം നടത്തിവരുന്ന ശ്രമങ്ങള്‍ അറിയാമെന്നും കുടുംബത്തിന് പിന്തുണ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിൻ്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

Related Posts

Leave a Reply