നവകേരള സദസ്സിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്റെ ഭീഷണി. പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് അംഗങ്ങൾക്ക് ഭീഷണി. മലപ്പുറം നന്നംമുക്ക് പഞ്ചായത്തിലെ സിഡിഎസ് ചെയർപേഴ്‌സൺ സുനിതയുടെ നിർദ്ദേശം.
സുനിതയുടെ ശബ്ദ സന്ദേശം ഇങ്ങനെ : ‘നവകേരള സദസ്സിന് പോണ ആൾക്കാരുടെ പേര,് ഓരോ അയൽക്കൂട്ടത്തിന്ന് ഇത്ര പേരെന്ന് ഈ ഗ്രൂപ്പിൽ എഴുതി ഇടണം. നിർബന്ധമായിട്ടും വേണം കേട്ടോ. എല്ലാ അയൽക്കൂട്ടത്തീന്നും പങ്കാളിത്തം ഉണ്ടാവണം. അതിനുവേണ്ടിയിട്ടാണ് പറയണത്. നമ്മളാകെ രണ്ടുമണിക്കൂറിലെ പരിപാടിയാണ്. എട്ട്, എട്ടരയാകുമ്പോഴത്തേനും വണ്ടി വരും. എല്ലാവരും അതിന്റെ മുന്നേ തന്നെ എല്ലാം ഒരുക്കണം. എല്ലാവരും സെറ്റായി നിൽക്കണം കേട്ടോ. നാളെ എട്ടരയാകുമ്പോ വണ്ടി വരും. ആ സമയത്ത് എന്നെക്കൊണ്ട് ആരെയും വിളിപ്പിക്കാൻ നിക്കരുത്. നിർബന്ധമായിട്ടും… ഞാനൊരു കാര്യം പറയുമ്പോഴ് അത് അനുസരിക്കാൻ പറ്റാത്ത അയൽക്കൂട്ടങ്ങൾ ആരുമില്ല ഇവിടെന്നുള്ളതാണ് എനിക്ക് തോന്നിയിട്ടുള്ളത്’.
നാളെ പതിനൊന്ന് മണിക്കാണ് പൊന്നാനി മണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്നത്. പൊന്നാനി ഹാർബർ ഗ്രൗണ്ടിലാണ് ഈ നവകേരളാ സദസ് നടക്കുന്നത്. അതിന് മുന്നോടിയായി കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഒക്കെ സജ്ജീകരിക്കുന്ന തിരക്കിലാണ് ഓരോ പഞ്ചായത്തും ഉള്ളത്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ നഞ്ഞംമുക്ക് പഞ്ചായത്തിലെ ഇഉട ചെയർപേഴ്‌സൺ സുനിതയുടെ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
ഇന്ന് വൈകിട്ട് മൂന്നു മണിയോടുകൂടി ആ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും ഈ ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. നാളെ രാവിലെ എട്ടരയ്ക്ക് ബസ്സുകൾ എത്തും. ആ ബസ്സുകളിൽ നിർബന്ധമായും കുടുംബശ്രീ അംഗങ്ങൾ കയറണം. കയറാതിരിക്കുന്ന അംഗങ്ങൾക്ക് ലോൺ ഉൾപ്പെടെയുള്ളവ ലഭിക്കില്ലെന്ന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നു. അതേ രീതിയിൽ തന്നെയാണ് ഇപ്പോൾ നന്നംമുക്ക് പഞ്ചായത്തിലെ സിഡിഎസ് ചെയർപേഴ്‌സൺ സുനിതയും ഭീഷണിപ്പെടുത്തുന്നത്.
കുടുംബശ്രീ അംഗങ്ങൾ ശബ്ദ സന്ദേശം ശരിവെക്കുന്നുണ്ട്. മാത്രമല്ല വാർഡ് മെമ്പറും സുനിതയുടേതാണ് ഈ ശബ്ദ സന്ദേശം എന്ന് അറിയിച്ചിട്ടുണ്ട്.
