Kerala News

നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺ​ഗ്രസ്

നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടിയുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ.
നടയറയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സദസ്സ് നടക്കുന്ന വേദിക്കു അഞ്ഞൂറ് മീറ്റർ അകലെയാണ് കരിങ്കൊടി കാണിച്ചത്.

നേരത്തേ, യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പിങ്ക് പൊലീസ് വാഹനം അടിച്ചു തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും പ്രവർത്തകർക്കെതിരെ കേസ് എടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോൺമെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേർത്ത് പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെ പൊലീസ് നേരിട്ടത് സിപിഐഎം ഗുണ്ടകളെപ്പോലെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. സമരത്തിൽ പങ്കെടുത്ത ഒരു വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ എസ്.ഐ വലിച്ചുകീറി. ഒരു സ്ത്രീയെ കൈകാര്യം ചെയ്യാൻ പുരുഷ പൊലീസുകാർക്ക് ആരാണ് അധികാരം കൊടുത്തത്?.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ തലയ്ക്കടിച്ചു. പരിക്കേറ്റ വനിതാ പ്രവർത്തകരെ തടഞ്ഞുവെച്ചു. ഗവർണർക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോയ അതേ പൊലീസുകാരാണ് സെക്രട്ടറിയേറ്റിന് മുൻപിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുൻപിലും ‘ഷോ’ കാണിച്ചതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനിതാ പ്രവർത്തകരുടെ നേർക്ക് പോലീസ് അക്രമം അഴിച്ചുവിട്ടത്. കോൺഗ്രസ് പ്രവർത്തകർ തലസ്ഥാന നഗരിയിൽ തീർത്ത പ്രതിരോധം വെറു സാമ്പിൾ മാത്രമാണെന്നത് പോലീസുകാർ വിസ്മരിക്കരുത്. പ്രവർത്തകരെ തല്ലിച്ചതച്ച് സമരത്തെ അടിച്ചമർത്താമെന്നത് മൗഢ്യമാണ്.

കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇനിയും അക്രമം അഴിച്ചുവിടാനാണ് പൊലീസിന്റെ കരുതുന്നതെങ്കിൽ തിരിച്ചും അതേ മാർഗത്തിൽ കോൺഗ്രസും പ്രതികരിക്കും. കോൺഗ്രസ് എല്ലാക്കാലവും സമാധാനത്തിന്റെ പാതയിൽ പോകുന്നവരാണ് കരുതുന്നുവെങ്കിൽ അത് തെറ്റിദ്ധാരണ മാത്രമാണെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply