Kerala News

നവകേരള സദസിനായി ഓരോ സംഘാടക സമിതിയും കണ്ടെത്തേണ്ടത് ശരാശരി 20 ലക്ഷം രൂപ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിനായി ഓരോ സംഘാടക സമിതിയും കണ്ടെത്തേണ്ടത് ശരാശരി 20 ലക്ഷം രൂപ. ഇതിൽ 5 ലക്ഷം രൂപയോളം പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾ വഴി സമാഹരിക്കും. ബാക്കിവരുന്ന 15 ലക്ഷം രൂപ സ്പോൺസർഷിപ്പ് വഴിയാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പ്രധാന സർക്കാർ ഉദ്യോഗസ്ഥൻ കൺവീനറായ സംഘാടക സമിതി വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം കണ്ടെത്തണമെന്നാണ് നിർദേശം. കേരളീയത്തിന്റെ പിരിവും ചെലവും കഴിഞ്ഞാൽ പിന്നാലെ വരുന്നുണ്ട് മന്ത്രിസഭയുടെ കേരള പര്യടനം. നവകേരള സദസെന്ന് പേരിട്ട ഈ പരിപാടിയിലേക്കും ചെലവ് കണ്ടെത്താൻ പിരിവ് തന്നെ ശരണം. പിരിവിന് സ്പോണ്‍സര്‍ഷിപ്പ് എന്നാണ് വിളിപ്പേര്. ഈ മാസം 18നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലുമെത്തുന്ന നവകേരള സദസിൻെറ തുടക്കം. ഓരോ മണ്ഡലത്തിലും സദസ് സംഘടിപ്പിക്കാൻ വലിയ ചെലവുണ്ട്. പന്തൽ, ലൈറ്റ് ആൻറ് സൗണ്ട്, കസേര, ലഘുഭക്ഷണം, പ്രചരണം എന്നിങ്ങനെ കാശ് ഒഴുകുന്ന വഴി നിരവധിയാണ്. ഇതിനെല്ലാം കൂടി ഒരു മണ്ഡലത്തിൽ ശരാശരി വേണ്ടി വരുന്നത് 20 ലക്ഷം രൂപയാണ്. ഇതിൻെറ 25 ശതമാനം തദ്ദേശ സ്ഥാപനങ്ങൾ വഴി കണ്ടെത്തും. അതിന് വേണ്ടിയാണ് പഞ്ചായത്തുകൾക്ക് 50,000 രൂപയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഒരു ലക്ഷവും കോർപ്പറേഷനുകൾക്ക് 2 ലക്ഷവും ജില്ലാ പഞ്ചായത്തിന് 3 ലക്ഷം രൂപയും ചെലവഴിക്കാൻ അനുമതി നൽകിയത്. ബാക്കിയുള്ള പണം പിരിച്ചെടുക്കണം. ഉത്തരവാദിത്തം സംഘാടക സമിതി ചെയർമാനായ ജനപ്രതിനിധിക്കും കൺവീനറായ സർക്കാർ ഉദ്യോഗസ്ഥനും. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ജില്ലാ സപ്ലൈ ഓഫീസറും, വാമനപുരത്ത് ജില്ലാ ഫോറസ്റ്റ് ഓഫീസറും, അരുവിക്കരയിൽ ജില്ലാ പ്ലാനിങ് ഓഫീസറുമാണ് കൺവീനർമാർ. പരിപാടിക്ക് പണം സമാഹരിക്കേണ്ട ചുമതലയും ഉദ്യോഗസ്ഥരുടെ ചുമലിലാണ്.

Related Posts

Leave a Reply