നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്.ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പരുക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയാണ് പൊലീസ് പുതിയ കേസെടുത്തത്. നവംബര് 15 നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ ബിഎസ്സി അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്. അന്ന് വൈകിട്ടാണ് അമ്മുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അത്യാഹിത വിഭാഗത്തിലെ ഡോക്ടർ, ഓർത്തോ വിഭാഗം ഡോക്ടർ, ജീവനക്കാർ എന്നിവരാണ് കേസിലെ പ്രതികൾ. നേരത്തെ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
വീഴ്ചയിൽ അമ്മുവിൻറെ തലച്ചോറിലെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള ക്ഷതം ഏറ്റിട്ടുണ്ടെന്നും തുടയ്ക്കും ഇടുപ്പിനും ഏറ്റ മാരകമായ പൊട്ടലുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അമ്മൂവിന്റെ ശരീരത്തിൽ ജലാംശം തീരെ കുറവായിരുന്നു. അമ്മുവിൻ്റെ സഹപാഠികളായ മൂന്ന് പെൺകുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് കുടുംബത്തിന്റെ ആരോപണം.
അമ്മുവിൻറെ മരണശേഷം ഹോസ്റ്റൽ റൂമിൽ നടത്തിയ പരിശോധനയിൽ ” I quit ” എന്ന് എഴുതിയ പേപ്പർ കണ്ടെത്തിയിരുന്നു. ഇതിൽ എല്ലാം ആദ്യം മുതൽ തന്നെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ടൂർ കോർഡിനേറ്ററായത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും സഹോദരിയുടെ മരണം കൊലപാതകമാണെന്നും സഹപാഠികൾ അമ്മുവിനെ മർദ്ദിക്കാൻ പലപ്പോഴായി ശ്രമിച്ചിരുന്നുവെന്നും സഹോദരൻ അഖിൽ ആരോപണം ഉന്നയിച്ചിരുന്നു.