കൊച്ചി: ധനുഷ് കൊടി ദേശീയപാതയിൽ ഇടുക്കി ഗ്യാപ്പ് റോഡിൽ വീണ്ടും സാഹസിക യാത്ര. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളായ യുവാക്കളാണ് സാഹസിക യാത്ര നടത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സാഹസിക യാത്ര യുവാക്കൾ അവസാനിപ്പിക്കുകയായിരുന്നു. ഇതേറോഡിൽ അടുത്തദിവസങ്ങളിലായി നടക്കുന്ന ആറാമത്തെ സാഹസിക യാത്രയാണിത്. മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കൊച്ചി ധനുഷ്കോടി ദേശീയപാത അടക്കം മലയോരത്തെ പ്രധാനപ്പെട്ട റോഡുകളെല്ലാം സാഹസിക യാത്രയ്ക്കുള്ള വേദിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഗ്യാപ്പ് റോഡിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ അപകടകരമായ യാത്രയാണിത്. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളായ യുവാക്കളാണ് കാറിൽ അപകടകരമായ യാത്ര നടത്തിയത്. പെരിയകനാലിനും ആനയിറങ്കലിനും ഇടയിലായിരുന്നു സാഹസിക യാത്ര.
വഴിയരികിൽ നിന്ന യുവാക്കൾ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവാക്കൾ സാഹസിക യാത്ര അവസാനിപ്പിച്ച് കാറിനുള്ളിൽ കയറിയിരുന്ന് യാത്ര തുടർന്നു. കഴിഞ്ഞദിവസം മാട്ടുപ്പെട്ടി റോഡിലും ഇത്തരത്തിൽ അപകടകരമായ തരത്തിലുള്ള യാത്ര നടത്തിയിരുന്നു. സാഹസിക യാത്ര നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ മോട്ടോർ വാഹന വകുപ്പ് മാട്ടുപ്പെട്ടിയിലും. ഗ്യാപ് റോഡിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.