എഡിഎം കെ നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജ രേഖ എകെജി സെന്ററില്‍ ചമച്ചതെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കളക്ടറെ കൊണ്ട് മൊഴി മാറ്റിപ്പറയിച്ചു. വീണ്ടുമൊരു പുകമറയുണ്ടാക്കി. ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തിയത് – വി ഡി സതീശന്‍ വ്യക്തമാക്കി. എഡിഎമ്മിന്റെ കുടുംബത്തെ കബളിപ്പിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമാണ് സിപിഐഎം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് കാരണമാണ് ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇല്ലെങ്കില്‍ ഒരു ചുക്കും ചെയ്യില്ല. ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ വികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയ്ക്ക് 11 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.