ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ 40 കര്‍ഷകര്‍ക്ക് പരിക്കേറ്റു. പ്രശ്ന പരിഹാരത്തിന് കര്‍ഷക സംഘടന നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മാര്‍ച്ച് ഇന്നും സംഘര്‍ഷത്തിലേക്ക് നീങ്ങാനാണ് സാധ്യത. അതിര്‍ത്തി കടന്ന് ഡല്‍ഹിയിലേക്ക് എത്താന്‍ കര്‍ഷക സംഘടനകള്‍ ഇന്നും ശ്രമിക്കും. ആയിരക്കണക്കിന് കര്‍ഷകരാണ് ശംഭു അതിര്‍ത്തിയില്‍ ട്രാക്ടറുകളുമായി എത്തുന്നത്. പഞ്ചാബില്‍ ഭാരതീയ കിസാന്‍ യൂണിയന് ഉഗ്രഹാന്‍ വിഭാഗം ഇന്ന് ട്രെയിന്‍ തടയും. ഇന്നലെ കണ്ണീര് വാതകത്തിനും ജലപീരങ്കിക്കും പുറമെ പൊലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവെച്ചതായി കര്‍ഷകര്‍ ആരോപിച്ചിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചണ്ഡിഗഡില്‍ വെച്ചാണ് കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള നാലാമത്തെ ചര്‍ച്ച. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, പീയൂഷ് ഗോയല്‍, അര്ജുന് മുണ്ടെ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത അക്ഷയ് നര്‍വാള്‍ അടക്കമുള്ളവരെ വിട്ടയക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടും. കര്‍ഷക സമരം ഗതാഗത തടസ്സം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ നേരത്തെ വീട്ടില്‍നിന്ന് പുറപ്പടണമെന്ന് സിബിഎസ്ഇ നിര്‍ദേശം നല്കി. ഫെബ്രുവരി 16 ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
