Kerala News

തോട്ടട എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ രണ്ട് വർഷം മുമ്പ് മരിച്ച അശ്വന്തിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഗവർണർക്ക് പരാതി നൽകി

കണ്ണൂർ: തോട്ടട എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ രണ്ട് വർഷം മുമ്പ് മരിച്ച അവസാന വർഷ വിദ്യാർത്ഥി അശ്വന്തിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഗവർണർക്ക് പരാതി നൽകി. കേസ് തേച്ചു മാച്ചു കളയാൻ ശ്രമം നടന്നുവെന്നും പണമില്ലാത്തതിനാൽ കോടതിയെ സമീപിക്കാൻ കഴിഞ്ഞില്ലെന്നും ശശി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. തൻറെ മകൻറെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്ന ഒറ്റ ആവശ്യമാണ് അമ്മ സീമയ്ക്കുള്ളത്. 2021 ഡിസംബർ ഒന്നിന് വന്ന ഫോൺ കോളിൽ പറഞ്ഞത് അശ്വന്ത് മരിച്ചു എന്നാണ്. ബന്ധുക്കൾ എത്തും മുമ്പേ കോളേജ് ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അശ്വന്തിൻ്റെ മൃതദേഹം താഴെ ഇറക്കി ഇൻക്വസ്റ്റ് പൂർത്തിയാക്കി. എല്ലാ വാരാന്ത്യത്തിലും വീട്ടിലെത്തുന്ന ആശ്വന്ത് മരിക്കുന്നതിനു മുമ്പത്തെ ആഴ്ച വന്നില്ല. മരണ ദിവസത്തിന് തലേന്ന് ഹോസ്റ്റലിൽ അസ്വാഭാവികമായ ചില കാര്യങ്ങൾ സംഭവിച്ചു എന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തിൽ അറിഞ്ഞത്. ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പൊലീസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ആത്മഹത്യയാണെങ്കിൽ പരപ്രേരണയുണ്ടാകുമെന്നും കുടുംബം കരുതുന്നു. സഹോദരൻ ആത്മഹത്യ ചെയ്യില്ലെന്നാണ് അനുജത്തി അശ്വതിയും പറയുന്നത്. പൂക്കോട് കോളജിൽ മരിച്ച സിദ്ധാർത്ഥന്റെയും അശ്വന്തിൻ്റേയും മരണത്തിൽ സമാനതകൾ ഉണ്ടെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകിയത്. പ്രധാന തെളിവായ അശ്വന്തിൻ്റെ ഫോണിൽ സാങ്കേതിക പരിശോധന നടത്താതെയും, റൂംമേറ്റിനെ പോലും ചോദ്യം ചെയ്യാതെയുമാണ് ആത്മഹത്യ എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത് എന്നാണ് പരാതി. നിരാലംബരായ കുടുംബത്തിൻറെ ഏക ആശ്രയമായ മകന്റെ വിയോഗം മാനസികമായി തളർത്തിയെങ്കിലും നിയമപരമായി പോരാടാനാണ് കുടുംബത്തിന്‍റെ തീരുമാനം.

Related Posts

Leave a Reply