Kerala News

തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ: തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക്  താമസിക്കുന്ന  കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) ആണ് മരിച്ചത്. വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രെവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വിഷ്ണുവിന്‍റെ വ്യക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. മാതാവ് ജീജ. പ്രജീഷ, പ്രേംജിത്ത് എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3 ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടത്തും. 

എലിപ്പനി; ലക്ഷണങ്ങളും പ്രതിരോധവും

ലെപ്ടോസ്പൈറ (Leptospira) ജീനസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta) മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) എലിപ്പനി. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്. 

എലിപ്പനി രോഗത്തിന് കാരണമായ വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും രോഗപ്പകർച്ചയുണ്ടാക്കുന്നു. പ്രധാനമായും രോഗപ്പകർച്ചയുണ്ടാക്കുന്നത് കരണ്ടുതിന്നുന്ന ജീവികളാണ്. മൃഗമൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്. മൃഗമൂത്രം കലർന്ന വെള്ളത്തിലൂടെയോ അസുഖം പകരുന്നതാണ്.

കൈകാലുകളിൽ മുറിവുള്ളപ്പോൾ മലിനജല സമ്പർക്കമുണ്ടാകാതെ നോക്കണം. മലിനമായ മണ്ണിലും കളിസ്ഥലങ്ങളിലും റോഡിലും കെട്ടികിടക്കുന്ന വെള്ളത്തിൽ കളിക്കുന്ന കുട്ടികളിലും രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. 

എലിപ്പനിയുടെ ലക്ഷണങ്ങൾ 

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി
ശക്തമായ തലവേദന
പേശീവേദന.
കണ്ണിനു ചുവപ്പുനിറം. കണ്ണിന്റെ കൃഷ്ണമണിക്ക് ഇരുവശവും വെളുത്ത ഭാഗത്ത് ചുവപ്പുനിറം ഉണ്ടാകുന്നു.
ഈ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്.∙ 

Related Posts

Leave a Reply