കുന്നംകുളം∙ തൃശൂർ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. 10 ദിവസം മുൻപ് ജീവനൊടുക്കിയ അഞ്ഞൂർപ്പാലം അഞ്ഞൂരിൽ ശിവരാമന്റെ (49) വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് സുഹൃത്തെന്നു സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് അനുമാനം. രണ്ടു കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഉള്ളിശേരി ചേരിക്കല്ലിൽ പ്രതീഷിന്റെ (40) മൃതദേഹമാണ് ഇതെന്നു പൊലീസ് സംശയിക്കുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ മുഖം തകർന്ന നിലയിലാണ്. കുമ്മായം ഉൾപ്പെടെയിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. അതേസമയം, കണ്ടെത്തിയ മൃതദേഹം പ്രതീഷിന്റേതാണെന്ന സൂചന നൽകുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതീഷിന്റെ കാതിലുണ്ടായിരുന്ന കടുക്കൻ മൃതദേഹം പരിശോധിച്ചപ്പോൾ തിരിച്ചറിഞ്ഞെന്നാണു വിവരം. മുൻപ് ഒരു സംഘർഷവുമായി ബന്ധപ്പെട്ട് പ്രതീഷിന്റെ ചെവിയിലുണ്ടായ മുറിവും മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പ്രതീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും കാണിച്ചു തിരിച്ചറിയുന്നതിനു നടപടി സ്വീകരിക്കും. ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്കു ജീവിക്കുകയായിരുന്ന ശിവരാമനെ കഴിഞ്ഞ മാസം 25നു വീട്ടിലെ കിടപ്പുമുറിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ശിവരാമനും പ്രതീഷും സുഹൃത്തുക്കളായിരുന്നു. പ്രതീഷ് ഇടയ്ക്കിടെ ശിവരാമന്റെ വീട്ടിൽ വരാറുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ഇരുവരും ഒന്നിച്ചു മദ്യപിക്കുന്നതും പതിവായിരുന്നുവെന്ന് പറയുന്നു. ഈ വിവരം അനുസരിച്ച് പ്രതീഷിനെ തേടിയിറങ്ങിയ സുഹൃത്താണ് ശിവരാമന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിനു ചുറ്റും മണ്ണിളകി കിടക്കുന്നതു കണ്ട് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചത്.