തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും സംശയത്തില്‍ നിര്‍ത്തുന്ന പ്രതികരണവുമായി പി വി അന്‍വര്‍. തൃശൂരില്‍ ബിജെപിക്ക് സീറ്റുനേടാനാണ് അജിത് കുമാര്‍ പൂരം കലക്കിയതെന്നും ആരുടെയെങ്കിലും നിര്‍ദേശം അനുസരിച്ചാകാം അജിത് ഇത് ചെയ്തതെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം വേണ്ടത് ആര്‍ക്കാണോ അവരാകാം പൂരം കലക്കാന്‍ അജിത് കുമാറിന് നിര്‍ദേശം നല്‍കിയത്. അത് ആരെന്ന് താന്‍ പറയുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ചോദിക്കണം. തന്റെ വാക്കുകളില്‍ ഇതെല്ലാം ഉണ്ടല്ലോയെന്നും അന്‍വര്‍ പറഞ്ഞു. പരസ്യപ്രസ്താവന വേണ്ടെന്ന പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ച് വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം.
മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് പി വി അന്‍വര്‍ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് അഗ്നിപര്‍വതത്തിന് മുകളിലാണ്. താന്‍ അറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞാല്‍ സഖാക്കള്‍ എകെജി സെന്റര്‍ തകര്‍ക്കും. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പിണറായി വിജയന് അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. പൊതുപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ പ്രമാണിത്വമാണ് ഈ സര്‍ക്കാരിന്റെ സംഭാവനയെന്നും അന്‍വര്‍ വിമര്‍ശിച്ചു.
എല്ലാ പാര്‍ട്ടിയിലേയും വലിയ നേതാക്കള്‍ ഒറ്റക്കെട്ടാണെന്നതാണ് കേരളം നേരിടുന്ന വലിയ പ്രശ്നമെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് താന്‍ പറഞ്ഞ ആരോപണങ്ങളെ പ്രതിപക്ഷം ഗൗരവമായി കാണാത്തത്. പ്രമാദമായ ഒരു കേസും ഇവിടെ തെളിയില്ല. ഇതെല്ലാം പാര്‍ട്ടിയില്‍ പറയേണ്ടതല്ലേ എന്ന് സഖാക്കള്‍ ചോദിക്കുന്നുണ്ട്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ പലവട്ടം പറഞ്ഞതാണ്. മിണ്ടാതെ സഹിച്ചുനില്ക്കാന് സൗകര്യമില്ല. താന്‍ ഇതുവരെ പാര്‍ട്ടിയ്ക്കകത്തേക്ക് കയറിയിട്ടില്ല. തനിക്കവിടെ സെക്യൂരിറ്റി പണിയേയുള്ളൂ. അവിടെ നിന്ന് പിരിച്ചുവിട്ടാല്‍ വഴിയിലിറങ്ങി നില്ക്കും. ഒരു കൊമ്പനും അതിന്റെ പേരില്‍ കുത്താന്‍ വരേണ്ട. ശത്രുക്കള്‍ ആരെന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
‘പാര്‍ട്ടിയില്‍ ഒരു റിയാസ് മാത്രം മതിയോ?. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടി. പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി.വി. അന്‍വറിന്റെ നെഞ്ചത്ത് കേറാന്‍ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ?’, അന്‍വര്‍ ചോദിച്ചു.