തൃശൂരിൽ രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ഇന്ന് രാവിലെ ചേലൂർ പള്ളിയിൽ വച്ചാണ് അപകടം നടന്നത്. രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ(2) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതേസമയം കാസർഗോഡ് ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേശ്വരം, കടമ്പാറിലെ ഹാരിസിന്റെ ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള മകൾ ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.
ഫാത്തിമ വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം അയൽവീട്ടിലേയ്ക്ക് കളിക്കാൻ പോയതായിരുന്നു. പിന്നീട് തനിച്ച് വീട്ടിൽ തിരിച്ചെത്തി. വീട്ടുകാർ നൽകിയ നാരങ്ങാ വെള്ളം കുടിച്ച ശേഷം വീട്ടിനകത്തേയ്ക്ക് പോവുകയായിരുന്നു. വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ വീട്ടിനു അകത്തേയ്ക്കു പോയ ഫാത്തിമയെ കുറിച്ച് ചിന്തിച്ചില്ല.
അൽപ്പസമയം കഴിഞ്ഞു ശുചിമുറിയിലേയ്ക്ക് പോയ വീട്ടുകാരാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.