Kerala News

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകളിൽ മഫ്തിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകളിൽ മഫ്തിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. യാത്ര നിഷേധിച്ച ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾക്ക് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തു. ഹ്രസ്വദൂര യാത്ര ഓട്ടോ ഡ്രൈവർമാർ നിഷേധിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തോമസ് സഖറിയ, അസിസ്റ്റൻഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ധനു മോൻ ജോസഫ് , ശങ്കർ എസ്, ഷമീർ എം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധ നടന്നത്. പത്തനംതിട്ട തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഓട്ടോറിക്ഷ ഡ്രൈവർമാർ ഹ്രസ്വദൂര യാത്ര നിഷേധിക്കുന്നതായും അമിത ചാർജ്ജ് ഈടാക്കുന്നതായും ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ആർടിഒ പത്തനംതിട്ട എൻഫോഴ്സ്മെൻ്റിലേയും തിരുവല്ല സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലേയും ഉദ്യോഗസ്ഥർ സംയുക്തമായാണ് മഫ്തിയിൽ പരിശോധന നടത്തിയത്. യാത്രക്കാരെന്ന എന്ന നിലയിലാണ് ഉദ്യോഗസ്ഥർ ഓട്ടോഡ്രൈവർമാരെ സമീപിച്ചത്. ഓട്ടോ ഡ്രൈവർ യാത്ര പോകാൻ വിസമ്മതിച്ചു. ഉദ്യോഗസ്ഥനുമായി ഡ്രൈവർ തർക്കിച്ചു. നിർബന്ധപൂർവ്വം ഓട്ടോയിൽ കയറിയ ഉദ്യോഗസ്ഥനെ ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. യാത്രക്കാരെ ഭീഷണിപ്പെട്ടുത്തുകയും അമിത ചാർജ്ജ് ആവശ്യപ്പെടുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കാണ് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തത്. ടാക്സ് അടയ്ക്കാതെയും ഇൻഷുറൻസ് പുതുക്കാതെയും ഫെയർ മീറ്റർ ഘടിപ്പിക്കാതെയും സർവ്വീസ് നടത്തിയ പത്തിലധികം വാഹനങ്ങൾക്കെതിരെയാണ് കേസുകൾ രജിസ്ട്രർ ചെയ്തിരിക്കുന്നത്.

Related Posts

Leave a Reply