Kerala News

തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടുപോത്ത്; മയക്കുവെടി വച്ച് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടെക്‌നോസിറ്റി അടക്കം ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി. വെടി കൊണ്ട കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കാട്ടുപോത്തിനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടാനാണ് തീരുമാനം.

ടെക്നോസിറ്റി പരിസരത്താണ് ഇന്നലെയാണ് കാട്ടുപോത്ത് ഇറങ്ങിയത്. ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിലാണ് കാട്ടുപോത്ത് എത്തിയത്. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. പാലോട് വനമേഖലയിൽ നിന്ന് 12 കി.മീ അകലെയാണ് കാട്ടുപോത്തിനെ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടിയത്.

വെടിയേറ്റതിന് പിന്നാലെ അഞ്ച് കിലോമീറ്ററോളം വിരണ്ടോടി മരച്ചീനി തോട്ടത്തിലെത്തിയതിന് ശേഷമാണ് കാട്ടുപോത്ത് മയങ്ങിയത്. അഞ്ച് മിനിറ്റിന് ശേഷം കാട്ടുപോത്ത് വീണ്ടും എഴുനേറ്റ് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതോടെ വീണ്ടും മയക്കുവെടിവെച്ചു. തുടര്‍ന്ന് ജെസിബിയുടെ സഹായത്തോടെ കാട്ടുപോത്തിനെ ലോറിയിൽ കയറ്റി. കാട്ടുപോത്തിനെ പാലോട് വനത്തിൽ കൊണ്ട് വിടാനാണ് തീരുമാനം.

Related Posts

Leave a Reply