Kerala News Top News

തിരുവനന്തപുരത്ത് ഇ-സ്‌കൂട്ടര്‍ കത്തി നശിച്ചു; വീടിന് ലക്ഷങ്ങളുടെ നാശനഷ്ടം

തിരുവനന്തപുരം: സര്‍വീസ് സെന്ററില്‍ നിന്ന് അറ്റകുറ്റപ്പണിയും സര്‍വീസും കഴിഞ്ഞ് വീട്ടിലെത്തിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിയോടെ കത്തി നശിച്ചു. കഴിവൂര്‍ വേങ്ങപ്പൊറ്റ മഞ്ചാംകുഴി വി.എസ് സദനത്തില്‍ അമല്‍ വിന്‍സിന്റെ ഒന്നര ലക്ഷത്തോളം വില വരുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തി നശിച്ചത്. 

ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ചെമ്പൂരിലെ സര്‍വീസ് സെന്ററിലെ അറ്റകുറ്റപ്പണിക്ക് ശേഷം, ബന്ധു വീട്ടിലെ ഷെഡില്‍ പാര്‍ക്ക് ചെയ്ത് പത്തു മിനിറ്റിന് ശേഷം സ്‌കൂട്ടര്‍ പൊട്ടിത്തെറിയോടെ കത്തി നശിക്കുകയായിരുന്നു എന്ന് അമല്‍ വിന്‍സ് പറഞ്ഞു. സ്‌കൂട്ടറില്‍ നിന്നുളള തീ പടര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന ഭാഗത്തെ ജനാലയുടെ കണ്ണാടി ചില്ലുകള്‍ പൊട്ടിത്തെറിച്ച് ചുമരും തകര്‍ന്നു. പാര്‍ക്കിംഗ് സ്ഥലത്തെ ആസ്ബെസ്‌റ്റോസ് ഷീറ്റ് പാകിയിരുന്ന ഷെഡും കത്തി നശിച്ചെന്ന് അമല്‍ പറഞ്ഞു. 

വിവരം അറിഞ്ഞ് കാഞ്ഞിരംകുളം പൊലീസും വിഴിഞ്ഞം അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തിയപ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ഒന്നര വര്‍ഷം മുമ്പ് വാങ്ങിയ സ്‌കൂട്ടറാണ് കത്തിയമർന്നത്. സംഭവത്തില്‍ ഏകദേശം നാലുലക്ഷത്തോളം രൂപയുടെ നാശ നഷ്ടമുണ്ടായതായി വിഴിഞ്ഞം അഗ്‌നിരക്ഷാസേനാ അധികൃതര്‍ പറഞ്ഞു. 

Related Posts

Leave a Reply