തിരുവനന്തപുരം വെള്ളായണിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. വെള്ളയാണിയില്‍ കുളത്തിലുള്ള കിണറില്‍ അകപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. മുഹമ്മദ് ഇഹ്സാന്‍ (15), മുഹമ്മദ് ബിലാല്‍ (15) എന്നിവരാണ് മരിച്ചത്.
പറക്കോട്ട് കുളത്തില്‍ വൈകീട്ട് കുളിക്കാനിറങ്ങിയതായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.
അതേസമയം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പ്.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
